കേരളത്തിൽ തൂക്കുസഭ വരും; മാറ്റത്തിനായി ബിജെപി നിർണ്ണായകം: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം:
സംസ്ഥാനത്ത് ഇത്തവണ തൂക്കുസഭ വരുമെന്നും ബിജെപി നിർണ്ണായക ശക്തിയായി മാറുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം കവടിയാർ ജവഹർ നഗർ എൽ.പി.എസിലെ 110-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം വലിയൊരു മാറ്റമാണ് ആഗ്രഹിക്കുന്നതെന്നും വികസനത്തിന് വേണ്ടിയാകണം ജനങ്ങൾ വോട്ട് രേഖപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും ഉയർത്തുന്ന രാഷ്ട്രീയത്തിന് അപ്പുറം വികസനത്തിന്റെ പുതിയ കാഴ്ചപ്പാടാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. ബിജെപി നയിക്കുന്ന എൻഡിഎയുടെ മുന്നേറ്റം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ തന്നെ മാറ്റിയെഴുതുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നേമം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി കൂടിയായ രാജീവ് ചന്ദ്രശേഖർ, ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ എല്ലാ വോട്ടർമാരോടും അഭ്യർത്ഥിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മാറ്റത്തിന് അനുകൂലമായ തരംഗമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
