കോൺഗ്രസിന് തിരിച്ചടി: കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയിൽ ചേർന്നു

 കോൺഗ്രസിന് തിരിച്ചടി: കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം:

നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കവെ കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ഇന്ന് തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി നേതൃത്വം അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു.

സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ജോബ് പാർട്ടി വിട്ടത്. കെപിസിസിയിലോ താഴെത്തട്ടിലോ യാതൊരുവിധ ചർച്ചകളും നടത്താതെ ഡൽഹിയിൽ നിന്ന് ഏകപക്ഷീയമായാണ് സുധാകരന് പിന്തുണ പ്രഖ്യാപിച്ചതെന്ന് ജോബ് ആരോപിച്ചു. വർഷങ്ങളായി കോൺഗ്രസിനായി പ്രവർത്തിച്ച പ്രവർത്തകരെ അവഗണിക്കുന്ന ഇത്തരം നിലപാടുകളിൽ പ്രതിഷേധിച്ചാണ് താൻ പാർട്ടി വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ തന്നെ എം.ജെ. ജോബ് ബിജെപിയിലേക്ക് ചേക്കേറുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ അധ്യക്ഷൻ പി.കെ. ബിനോയി ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തെ നേരത്തെ തന്നെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മുതിർന്ന ഒരു നേതാവ് പാർട്ടി വിട്ടത് ആലപ്പുഴയിലെയും സംസ്ഥാനത്തെയും കോൺഗ്രസ് ക്യാമ്പുകളിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News