തമിഴകം പോരാട്ടച്ചൂടിൽ; വിജയ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

 തമിഴകം പോരാട്ടച്ചൂടിൽ; വിജയ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ചെന്നൈ:

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക നീക്കവുമായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിൽ നിന്നും മധ്യ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്നും അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള വിജയിന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്.

നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം പെരമ്പൂരിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത വിജയ്, നിലവിലെ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും മയക്കുമരുന്ന് മാഫിയകൾ പിടിമുറുക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഇതിന് ഉത്തരവാദി മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സുരക്ഷിതമായ സിനിമാ ജീവിതം ഉപേക്ഷിച്ച് ഞാൻ രാഷ്ട്രീയത്തിൽ എത്തിയത് ജനങ്ങളെ സേവിക്കാനാണ്. നിങ്ങളെ ഞാൻ ഒരിക്കലും ചതിക്കില്ല,” എന്ന് വൈകാരികമായി അദ്ദേഹം പ്രതികരിച്ചു. പാർട്ടിയുടെ ചിഹ്നമായ ‘വിസിൽ’ അടയാളത്തിൽ ഏപ്രിൽ 23-ന് വോട്ട് രേഖപ്പെടുത്തി തനിക്ക് ഒരു അവസരം നൽകണമെന്ന് അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.

തൊഴിലാളികൾക്ക് മുൻതൂക്കമുള്ള പെരമ്പൂരും കാവേരി ഡെൽറ്റ മേഖലയിലെ നിർണ്ണായകമായ തിരുച്ചിറപ്പള്ളി ഈസ്റ്റും തിരഞ്ഞെടുക്കുന്നതിലൂടെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്താനാണ് വിജയ് ലക്ഷ്യമിടുന്നത്. ടിവികെയുടെ സജീവ സാന്നിധ്യത്തോടെ തമിഴ്‌നാട്ടിൽ ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവരടങ്ങുന്ന ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News