മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം:
മുള്ളൻപന്നിയെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊന്ന കേസിൽ പ്രതിയായ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായ വെള്ളനാട് ശശിക്ക് കോടതിയിൽ നിന്ന് തിരിച്ചടി. ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പ്രവൃത്തികളെ ലഘുവായി കാണാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
നാട്ടുകാരിലൊരാളുടെ വീട്ടിൽ മുള്ളൻപന്നി കയറിയതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച് കാത്തിരിക്കുകയായിരുന്നു പ്രദേശവാസികൾ. ഈ സമയത്ത് സ്ഥലത്തെത്തിയ വെള്ളനാട് ശശി കൈവശമുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മുള്ളൻപന്നിയെ ക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വനംവകുപ്പ് സ്വമേധയാ കേസെടുത്തത്.
സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ശശിയെ തേടി എത്തിയെങ്കിലും ഒളിവിൽ പോയ അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതി ഉടൻ കീഴടങ്ങേണ്ടി വരുമെന്നാണ് സൂചന.
