ശ്രീനന്ദയ്ക്ക് വിങ്ങുന്ന നൊമ്പരമായി നാടിന്റെ വിട; മൃതദേഹം ഐവർമഠത്തിൽ സംസ്‌കരിച്ചു
പാലക്കാട്:
കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (17) മൃതദേഹം സംസ്‌കരിച്ചു. തിരുവില്വാമല ഐവർമഠത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചത്. പ്രിയപ്പെട്ടവളുടെ അവസാന നോക്ക് കാണാൻ സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. ഏപ്രിൽ 4-ന് കുടുംബത്തോടും നാട്ടുകാരോടുമൊപ്പം വിനോദയാത്രയ്ക്ക് പോയ ശ്രീനന്ദയുടെ വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ഏപ്രിൽ 7-ന് പ്രശസ്തമായ മാണിക്യധാര വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെയാണ് ശ്രീനന്ദയെ കാണാതായത്. ചിക്കമംഗളൂരു പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ചയാണ് 1500 അടി താഴ്ചയുള്ള കൊക്കയിൽ മൃതദേഹം കണ്ടെത്തിയത്. തെർമൽ ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു മൃതദേഹം സ്ഥിരീകരിച്ചത്.
തലയുടെ വലതുഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വീഴ്ചയുടെ ആഘാതത്തിൽ ശരീരത്തിലുടനീളം പരിക്കുകളുണ്ടെന്നും അസ്ഥികൾ ഒടിഞ്ഞ നിലയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
