‘ആത്മാഭിമാനം പണയം വെക്കാനാവില്ല’; ബിജെപി നേതൃത്വവുമായുള്ള വിയോജിപ്പ് പരസ്യമാക്കി സന്ദീപ് വാര്യർ

സംസ്ഥാന ഭാരവാഹിയായിരുന്നിട്ടും തന്റെ അമ്മ മരിച്ചപ്പോൾ കൃഷ്ണകുമാർ വന്നില്ല . പാർട്ടിക്ക് ഓഫിസ് നിർമ്മിക്കാൻ സ്ഥലം കൊടുത്ത അമ്മയുടെ മൃതദേഹത്തിൽ ബിജെപിയുടെ ഒരു റീത്ത് പോലും വെച്ചില്ലെന്നും സന്ദീപ് വാരിയർ ആരോപിച്ചു.
ബിജെപി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾ സംബന്ധിച്ച ചർച്ചകൾക്കിടെ പരസ്യ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. പാർട്ടിയുമായുള്ള അസംതൃപ്തി വ്യക്തമാക്കുന്നതാണ് സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി കൃഷ്ണകുമാറിന് വിജയാശംസകള്‍ നേര്‍ന്നും അതേസമയം അതൃപ്തി പരസ്യമാക്കിയുമാണ് പേസ്റ്റിലെ വിശദാംശങ്ങൾ. തനിക്ക് ചില മാനസിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ടെന്നും ആത്മാഭിമാനം എന്നത് പരമപ്രധാനമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പാലക്കാട് നിയമസഭ പ്രചാരണത്തിലെ സന്ദീപ് വാര്യരുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വേദിയില്‍ സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപ്പോകുന്ന ആള്‍ അല്ല താന്‍. ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാന്‍ സാധിക്കില്ല. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സന്ദീപ് പറയുന്നു.
സി. കൃഷ്ണകുമാറിന് വിജയാശംസകള്‍ നേരുന്നുണ്ടെങ്കിലും തന്‍റെ അമ്മ മരിച്ച സമയത്ത് അദ്ദേഹം വീട്ടില്‍ വന്നില്ല എന്നും സന്ദീപ് പറയുന്നു. അമ്മയുടെ വിയോഗവേളയില്‍ എത്തിയ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി.സരിൻ മറ്റ് പാര്‍ട്ടിയിലെ അംഗങ്ങളുടെ പേരുകള്‍ സന്ദീപ് എടുത്തുപറയുന്നുമുണ്ട്. തനിക്കൊപ്പം യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചുവെന്ന കൃഷ്ണകുമാറിന്‍റെ വാദത്തെയും സന്ദീപ് തള്ളി. തങ്ങൾ ഒരിക്കലും യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെന്നും സന്ദീപ് കുറിപ്പില്‍ പറയുന്നു.