കവിത “കറുപ്പ് “
കറുപ്പ് ( കവിത ) രചന :സുജാത നെയ്യാറ്റിൻകര
കറുത്ത കണ്ണട തീ കോരി വെളുത്ത
രാവിനെ മാറേറ്റി മരക്കുരിശിൽ
പിടയാനറിയാതെന്നുടെ രൂപം
കേഴുന്നു..
മറവി ചങ്ങലചുറ്റിവരിഞ്ഞു ഉടുതുണി
മാറി തെരുവെങ്ങും
കലപില കൂട്ടി മാറിലടിച്ചു
കരയാനറിയാറിയാതുഴലുന്നു..
പിടയും വേനൽ കരിങ്കണ്ണാലെ
പൊട്ടിയ ഓടക്കുഴലിന്റെ ദ്രവിച്ച
ദ്വാരപ്പഴുതിലൂടെ ചങ്കു തകർന്നു
വിളിക്കുന്നു..
ഉറക്കച്ചടവിൽ രാവറിയാതെ
തെരുവിൻമാറിലെ ചൂടിന്റെ
അസ്ഥിയിണക്കാൻ കൂടെ
ചേർന്നൊരു കഴുകൻ കൂകി
വിളിക്കുന്നു..
പേനായ്ക്കൾ പോൽ ഉലകംതെണ്ടി
ആർത്തുവരുന്നൊരു കൂട്ടത്തെ
സ്വന്തംചോരപ്പുഴയാൽ തഴുകി വിറച്ച്
ജീവനെടുത്തു മുരളുന്നു..
അന്തിക്കുള്ളൊരു കഞ്ഞിപ്പാത്രം
തട്ടിമറിച്ചൊരു കാടന്റെ
കോടിയ വികൃതച്ചിരിയിൽ മാന്തി
മറ്റൊരു കാടനെ തേടുന്നു
ഉലകം കണ്ടവനെന്നു നടിച്ചു
പുറകെ കൂടാൻ നോട്ടിന്റെ
വിരഹപ്പായിൽ കൂടാൻ വെറുതെ
പുഞ്ചിരി തന്നു മടുക്കുന്നു
കാലം കണ്ടതിലിത്രത്തോളം
കലികാലത്തെക്കണ്ടില്ല
പെരികിയ തോരാക്കണ്ണീരുള്ളിൽ
കണ്ടുമടുത്തതു കണ്ടില്ല
ഇനിയും വെറുതെ കറുത്തകരങ്ങളെ
കൂട്ടുപിടിച്ചു നടക്കാതെ
സ്വന്തം മണ്ണിൽ, സ്വന്തം
ചോരയിലദ്ധ്വാനിച്ചു നടക്കേണം
അദ്ധ്വാനിച്ചു കഴിക്കേണം
രാത്രി വെളുത്താൽ പഴുതില്ലാതെ
നെട്ടോട്ടത്തിൻ തേങ്ങലിനെ
വിഴുപ്പുഭാണ്ഡകെട്ടിനകത്തൊരു
തീരാമറാപ്പാക്കുന്നു…
തീരാമാറാപ്പാക്കുന്നു!
സുജാത നെയ്യാറ്റിൻകര.