നടിയെ ആക്രമിച്ച കേസ്: ദിലീപിൻ്റെ ഗൂഢാലോചന വാദം ‘തോന്നൽ മാത്രം’, അന്വേഷണം തെളിവുകളുടെ അടിസ്ഥാനത്തിൽ – മുഖ്യമന്ത്രി
കണ്ണൂർ: നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന നടൻ ദിലീപിൻ്റെ പ്രസ്താവന അദ്ദേഹത്തിൻ്റെ വെറും തോന്നൽ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നതെന്നും, പോലീസിനെതിരായ ആരോപണം സ്വയം ന്യായീകരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ് പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ വാക്കുകൾ: “ഗൂഢാലോചന ആരോപണം ദിലീപിന്റെ തോന്നൽ മാത്രമാണ്. കേസിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രോസിക്യൂഷൻ കേസ് വളരെ നന്നായി കൈകാര്യം ചെയ്തു. കേസിന്റെ ഓരോ ഘട്ടത്തിലും സമൂഹവും നിയമ വൃത്തങ്ങളും നല്ല അഭിപ്രായം മാത്രമാണ് പ്രകടിപ്പിച്ചത്. ഇത്തരം വിഷയങ്ങളിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന സന്ദേശമാണ് കേസിന്റെ നടപടികൾ നൽകിയത്. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്, ഭാവിയിലും ആ നിലപാട് തുടരും.”
നേരത്തെ, പൊലീസ് തനിക്കെതിരെ ചമച്ച കള്ളക്കഥയാണ് നടിയെ ആക്രമിച്ച കേസ് എന്നായിരുന്നു ദിലീപിന്റെ ആരോപണം. ജയിലിലെ കൂട്ടുപ്രതികളെ ഉപയോഗിച്ചാണ് പൊലീസ് തനിക്കെതിരെ കള്ളക്കഥ ഉണ്ടാക്കിയതെന്നും അത് കോടതിയിൽ തകർന്ന് വീണുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞത് മുതലാണ് തനിക്കെതിരെ നീക്കം തുടങ്ങിയതെന്നും, തന്നെ തകർക്കുകയായിരുന്നു ഇതിന്റെ യഥാർത്ഥ ലക്ഷ്യമെന്നും ദിലീപ് കോടതി മുറിയിൽനിന്നും പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
