എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാൻ നീക്കം: രാഹുൽ മാങ്കൂട്ടത്തിൽ കുരുക്കിലേക്ക്; നിയമോപദേശം തേടുമെന്ന് സ്പീക്കർ
തിരുവനന്തപുരം:
മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭ കടുത്ത നടപടികളിലേക്ക് കടക്കുന്നു. രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്ന കാര്യത്തിൽ നിയമോപദേശം തേടുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ വ്യക്തമാക്കി. വിഷയം നിയമസഭയുടെ എത്തിക്സ് ആന്റ് പ്രിവിലേജസ് കമ്മിറ്റി ഗൗരവമായി പരിശോധിക്കും.
തുടർച്ചയായ ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നത് ജനപ്രതിനിധി എന്ന നിലയിൽ തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
രാത്രിയിലെ അറസ്റ്റും പ്രതിഷേധവും
പാലക്കാട്ടെ ഹോട്ടലിൽ നിന്ന് അർധരാത്രിയോടെ കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ ബലാത്സംഗം, ഗർഭച്ഛിദ്രം, സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ വലിയ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചു. നിലവിൽ പത്തനംതിട്ടയിൽ സംഘർഷാവസ്ഥ തുടരുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
