പ്രണയ പക:യുവതിയെ കുത്തിവീഴ്ത്തിയ ശേഷം യുവാവ് ജീവനൊടുക്കി

പട്ടാമ്പി :
പട്ടാമ്പി കൊടുമുണ്ടയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയാണ് (30) മരിച്ചത്. പ്രവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് നാട്ടുകാരായിരുന്നു. ആദ്യം വാഹനത്തിൽ നിന്ന് തീ പടർന്നതാകാമെന്ന് കരുതിയെങ്കിലും പൊലീസെത്തി പരിശോധിച്ചപ്പോൾ മരണം കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു.പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്റ്റോർ കീപ്പറിന്റെ സഹായിയാണ് പ്രവിയ . രാവിലെ പതിവുപോലെ സ്കൂട്ടറിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്കു ജോലിക്കായി പുറപ്പെട്ട പ്രവിയയെ സന്തോഷ് വഴിക്കുവച്ച് തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണു പൊലീസിന്റെ നിഗമനം. സ്കൂട്ടർ തടഞ്ഞ് പ്രവിയയെ കുത്തിവീഴ്ത്തുകയായിരുന്നു . തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചെന്നാണ് അനുമാനം.
യുവതി മുൻപ് സന്തോഷിന്റെ ഫോട്ടോസ്റ്റാറ്റ് കടയിൽ ജോലി ചെയ്തിരുന്നു. ഈ കാലയളവിൽ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സന്തോഷിന്റെ ഭാര്യ പിണങ്ങിപ്പോയതായാണു വിവരം. എന്നാൽ ഇതിനിടെ പിന്നീട് പ്രവിയയ്ക്കു വേറെ വിവാഹം ഉറപ്പിച്ചു. ഇതാണ് സന്തോഷിനെ ഈ കൊടുംക്രൂരതയ്ക്കു പ്രേരിപ്പിച്ചത്. പ്രവിയയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ പ്രവിയയ്ക്ക് 12 വയസ്സുള്ള ഒരു കുട്ടിയുണ്ട്. സന്തോഷും രണ്ടു കുട്ടികളുടെ പിതാവാണ്.