തൃശ്ശൂർ ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ചു

തൃശ്ശൂർ ചാലക്കുടിയിൽ പട്ടാപ്പകൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബാങ്ക് കൊള്ളയടിച്ചു. ഫെഡറൽ ബാങ്കിൻറെ പോട്ട ശാഖയിലാണ് ബാങ്ക് ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നത്. ഇന്ന് ഉച്ചയോടെയാണ് മോഷണം നടന്നത്.
കൗണ്ടറിൽ എത്തിയ അക്രമി ബാങ്ക് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയിലിട്ട് പൂട്ടിയതിന് ശേഷം കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം കവർന്നത്. എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്. 15 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
ബൈക്കിൽ എത്തിയാണ് ആക്രമി മോഷണം നടത്തിയത്. ഹെൽമറ്റും ജാക്കറ്റ് ധരിച്ചെത്തിയ ഇയാൾ ബാങ്കിന്റെ മുന്നിലേക്കെത്തുന്ന സിസി ടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. മോഷണ ശേഷം ഇയാൾ തൃശൂർ ഭാഗത്തേക്ക് പോയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് ഉദ്യോഗസ്ഥർ ബാങ്കിലെത്തി പരിശോധന നടത്തി. പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഉർജിതമാക്കിയിട്ടുണ്ട്.