കോഴിക്കോട് നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ചു; ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

കോഴിക്കോട്:
താമരശ്ശേരി കോരങ്ങാട് ഒമ്പത് വയസുകാരി പനി ബാധിച്ച് മരിച്ചു. കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് മരിച്ചത്.
പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
വായുവില്‍ കൂടി പകരുന്ന ഇന്‍ഫ്ളുവന്‍സ, വൈറല്‍ പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രതിരോധശീലങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങി മറ്റു രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം.