കവിത “നീതിക്കന്യം നിയമം” രചന : കവിതാ വിശ്വനാഥ്

നീതിക്കന്യം നിയമം
ചാരത്തെവിടെയോ ചാതുര്യം പൊലിഞ്ഞിടും
ചേതസ്സിൽവിങ്ങുന്ന തപ്തനിശ്വാസങ്ങൾ
ആരോഞ്ഞെരിച്ചൊരാപുഷ്പത്തിൻ രേണുക്കൾ
ആത്മാവിലഗ്നിയായ്നെരിപ്പോടായെരിയുന്നു
മാറിടംകീറിയും ചുടുചോരമോന്തുവാൻ
മുഖംമൂടിയണിഞ്ഞവർ മാറാല നെയ്യുന്നു
ചതുരംഗപലകയിൽ ചാരിത്ര്യംഛേദിക്കാൻ
ചതുരങ്ങൾമാറ്റിയും പുതുകളം ചമയ്ക്കുന്നു
നിറമുള്ളസ്വപ്നങ്ങൾ നിഴൽ രേഖയാക്കിയോർ
ചുടുനിണംതൊട്ടും നഗ്നചിത്രം ചമച്ചവർ
പിഞ്ചിളംകുഞ്ഞിന്റെ കരിവളകൊഞ്ചലിൽ
കാമസ്വരത്തിന്റെഈണം തെരഞ്ഞവർ
വിടാതെ വധിച്ചൊരാകുഞ്ഞിന്റെ ജാതക-
വിധിയെപ്പഴിച്ചും വേദാന്തം വിളമ്പുന്നു
ഉലയിൽവച്ചൂതിയകനൽകട്ടപോലവേ
എരിയുന്ന മാതാവിൻ നീറ്റലവരറിമോ?
പെണ്ണിന്റെ മാംസം പച്ചക്കുതിന്നുന്നോർ
അവളുടെ മേനിയിൽ കാർക്കിച്ചുംതുപ്പുന്നു
കണ്ണുനീർപാടത്ത്കാമം വിതയ്ക്കുവാൻ
കളപ്പുരയൊരുക്കിയും കാത്തിരിക്കുന്നു
പൈശാചികത്വത്തിൽ ഗരിമയിൽ മഥിക്കുവാൻ
പടയൊരുക്കിയും പാടവം നടക്കുന്നു
കണ്ണുനീരുപ്പിന്റെ കഥയറിയാത്തവർ
വ്രണിതദുഃഖത്തിലും ഗാഥകൾ മീ്ട്ടുവോർ
വ്യർഥജന്മങ്ങളിന്നലയുന്ന ധരണിയിൽ
കർമ്മധർമ്മങ്ങൾക്ക് വിലപേശാനാകുമോ?
നിങ്ങൾക്കു നീതിയെന്നുറക്കെമൊഴിഞ്ഞിടും
നിയമങ്ങൾ നീതിയ്ക്കന്ന്യമെന്നും ചൊല്ലിടും
നീറുന്നവേഷങ്ങൾ മാറ്റിയണിഞ്ഞിടാൻ
നിൻകരങ്ങൾക്കാവില്ലനിന്റെതൃക്ഷ്ണയ്ക്കും
കാലങ്ങൾ മാറുന്നു കാഴ്ചകൾ മാറുന്നു
കാട്ടാളവർഗ്ഗത്തിൻ നീചത്വം പെരുകുന്നു
തന്നെമറന്നവർചേതനചോർന്നവർ
ചേതോവികാരങ്ങളൊന്നുമറിയാത്തവർ
ഇന്നുഞാനറിയുന്നുഇന്നിവിടെഞാനില്ല
എന്റെയുംനിന്റെയുംനിനവുകളുമിവിടില്ല
ഇവിടൊരുസ്വർഗ്ഗംചമയ്ക്കുവാനാകുമോ?
ഇവിടൊരുവസന്തമിനിവിടർന്നീടുമോ?
നീചവേഷങ്ങളിന്നാടിത്തിമിർത്തോരെ
പൂട്ടുവാൻചങ്ങലകാലംകരുതട്ടെ
ഇനിയുംക്ഷമിക്കാംഇന്ദ്രിയങ്ങളടക്കാം
ഇവിടുത്തെനാളെകൾധന്യമായീടുവാൻ
