കവിത “എന്റെ ഗ്രാമം”
സുജാത നെയ്യാറ്റിൻകര
എന്തു ചന്തമാണെന്റെ ഗ്രാമം,
എനിക്കെന്തിഷ്ടമാണെന്റെ ഗ്രാമം..?
പുഴയുണ്ട്,, തോടുണ്ട്, താഴമ്പൂ പൂക്കുന്ന തോട്ടിൽ വരമ്പുമുണ്ട്
അന്തിക്ക് പൂക്കുന്ന സൂര്യന്റെ ചെങ്കതിര്‍ പോലെ
കണ്ണെത്താ ദൂരത്ത് നെൽപ്പാടമുണ്ട്
എന്തു ചന്തമാണെന്റെ ഗ്രാമം, എനിക്കെന്തിഷ്ടമാണെന്റെ ഗ്രാമം..?
പാടവരമ്പത്ത് പാള ക്കുടചൂടി
കർഷകർ നിരയായി നടക്കുന്നതും,
ചുറ്റുവട്ടത്തായി കളകളം പാടുന്ന
നദിയൊഴുക്കും പിന്നെ കാണാം
എന്തു ചന്തമാണെന്റെ ഗ്രാമം,എനിക്കെന്തു ഇഷ്ടമാണെന്റെ ഗ്രാമം..?
അന്തിക്ക് മേയുന്ന കന്നുകാലികളും
പുല്ലറുത്തോടുന്ന ബാലക കൂട്ടത്തെയും കാണാം
പച്ച നെല്ലോലകൾ തലയാട്ടി തിരിച്ചൊരു പാട്ടുപാടുന്നതും കാണാം
എന്തു ചന്തമാണെന്റെ ഗ്രാമം,
എനിക്കെന്തിഷ്ടമാണെൻറെ ഗ്രാമം..?
എൻ ഗ്രാമ ഭംഗിക്ക് മാറ്റുകൂട്ടാനൊരു പ്രാചീന
ശിവക്ഷേത്രമുണ്ട്
തിരുവാതിരയും, പ്രദോഷവും തൊഴുതിടാൻ
മങ്കമാർ നിരയായി വരുന്നുമുണ്ട്
എന്തു ചന്തമാണെന്റെ ഗ്രാമം, എനിക്കെന്തിഷ്ടമാ ണെന്റെ ഗ്രാമം..?
നാട്ടുമാവിലൊരു മാങ്ങാ പഴുത്തതങ്ങെറിഞ്ഞു വീഴ്ത്തുന്നതും കാണാം
ഉപജീവനത്തിനായി ചെറുമിമാർ ചന്തയിൽ പുല്ല് വിൽക്കുന്നതും കാണാം
എന്തു ചന്തമാണെന്റെ ഗ്രാമം.. എനിക്കെന്തിഷ്ടമാണെന്റെ ഗ്രാമം…
താമരക്കുളമുണ്ട് താരാട്ട് ശീലുണ്ട് പുത്തരിച്ചോറിന്റെ മണവുമുണ്ട്
ആട്ടിന്റെ പാലു കറന്നുള്ള ചായയും
ദാഹമകറ്റുവാൻ മോരുമുണ്ട്
എന്തു ചന്തമാണെന്റെ ഗ്രാമം.. എനിക്കെന്തിഷ്ടമാണെന്റെ ഗ്രാമം..
തെച്ചിയും തുളസിയും മന്ദാരപ്പൂവും
നിറഞ്ഞു നിൽക്കുന്നൊരു മുറ്റമുണ്ട്
നാട്ടു വൈദ്യരുണ്ട് വയറ്റാട്ടിയുണ്ട് നാക്കിലയിട്ടു ചോറുമുണ്ട്
എന്ത് ചന്തമാണെന്റെ ഗ്രാമം.. എനിക്കെന്തിഷ്ടമാണെന്റെ ഗ്രാമം
ചക്കപ്പുഴുക്കും കഞ്ഞിയും ചേർത്തൊരു
ഉച്ചയ്ക്ക് ശാപ്പാട് ശീലമുണ്ട്
അന്തിയാകുമ്പോൾ നാമം ജപിക്കുന്ന
മുത്തശ്ശിമാരുമന്നെങ്ങുമുണ്ട്..
എന്ത് ചന്തമാണെന്റെ ഗ്രാമം..? എനിക്കെന്തിഷ്ടമാണെന്റെ ഗ്രാമം..?