കവിത “മരിച്ചവരുടെ ഭാഷ”

മരിച്ചവരുടെ ഭാഷ
മരണം നിഴൽ മൂടി വന്നെത്തുമോരോ വീടിന്നകത്തളത്തിൽ
പറഞ്ഞു തീർക്കുവാനേറെ ബാക്കി വച്ചിട്ടവർ മൺചിരാതിൻ നാളമാകും
ഉലയുന്ന നെഞ്ചകം പാതി തന്നുള്ളിലെ
ഉലയുന്ന ഉടയാട പോലെ
അനുരാഗ വേളകൾ അകമേയെരിയുന്ന
പെയ്യുന്ന കാർമേഘ കൂട്ടമാകും
ഏകാന്ത പദയാത്ര നീളുന്ന രാവുകൾ
ചൊല്ലുന്നു മരണ ഭാഷ്യങ്ങൾ
പറയാൻ മറന്നതും ബാക്കി വെച്ചുള്ളതും
ചുണ്ടിൽ മിഴിപാകി നിൽപ്പൂ
ബലിതർപ്പണത്തിനായ് തിലോദകമർപ്പിച്ച്
ബലിക്കാക്കകളെ ക്ഷണിക്കുമ്പോൾ,
മുറ്റത്തെ മാമരക്കൊമ്പിൽ നിന്നുച്ചത്തിൽ കലപില കൂട്ടിയെത്തുന്നു പിതൃക്കൾ
ബലി ച്ചോറ് തിന്നു കൊണ്ടാബലി കാക്കയോ ദൂരെ മാറി നിന്നാവീടു നോക്കി
ചോര നീരാക്കി പണിഞ്ഞൊരാ വീടിൻറെ പൊടിയാൻ തുടങ്ങിയ രൂപം
മരിച്ചവരുടെ ഭാഷയായ് കാക്ക “കാ..കാ..” കരഞ്ഞുകൊണ്ടങ്ങകലെ നീല മുകിലിൽ മറഞ്ഞു!!
സുജാത നെയ്യാറ്റിൻകര.

