എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയത് തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയത് തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തിൽ മറ്റ് മുറിവുകളോ അടയാളങ്ങളോ ഇല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. നവീൻ ബാബു മരണപ്പെടുന്നതിന് മുൻപ് അവസാന സന്ദേശമയച്ചത് കണ്ണൂർ കളക്‌ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്കായിരുന്നു. ഭാര്യയുടെയും മകളുടെയും ഫോൺ നമ്പറുകൾ ആണ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ച പുലർച്ചെ 4.58നാണ് ഫോണിൽ നിന്നും സന്ദേശം അയച്ചത്. എന്നാൽ. സന്ദേശം രാവിലെ ആറുമണിയോടെ മാത്രമായിരുന്നു ഉദ്യോഗസ്ഥർ കണ്ടത്. അതിനിടെ നവീൻ ബാബുവിന്റെ മരണവിവരം പുറത്തുവന്നിരുന്നു.
കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ തൂങ്ങിമരിച്ച നിലയിലാണ് നവീനെ കണ്ടെത്തിയത്. വിരമിക്കാൻ ഏഴുമാസം ശേഷിക്കേ ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയതിന്റെ യാത്രയയപ്പ് ചടങ്ങ് തലേദിവസം ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്നിരുന്നു. ഇതിനിടെ ചടങ്ങിലെത്തിയ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ ടി വി പ്രശാന്തൻ എന്നയാൾ തുടങ്ങുന്ന പെട്രോൾ പമ്പിന് എൻ ഒ സി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ വിമർശനം വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും രണ്ടു ദിവസത്തിനുള്ളിൽ കാര്യങ്ങൾ വ്യക്തമാകുമെന്നും പറഞ്ഞ ദിവ്യ എഡിഎമ്മിന് ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വേദിവിട്ടത്. ഇതിന് പിന്നാലെയാണ് രാവിലെ നവീനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
എന്നാല്‍ നവീന്‍ ബാബു പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തലിൽ വ്യക്തമായി. എന്‍ഒസി അനുവദിക്കുന്നതില്‍ നവീന്‍ ബാബു ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചെന്നതിനുള്ള തെളിവുകളോ മൊഴികളോ ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് സൂചന. തിങ്കളാഴ്ച വൈകുന്നേരത്തോടെ പൊലീസ് കണ്ണൂര്‍ കളക്ടറുടെ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക വസതിയിലെത്തിയായിരുന്നു മൊഴിയെടുപ്പ്.