രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ: പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (DMK) പിൻവലിച്ചു. ചേലക്കരയിലെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന വിഷയത്തിൽ ഇനി ഒരു ചർച്ചയ്ക്ക് തന്നെ ഇല്ലെന്നും വ്യക്തമാക്കിയ അൻവർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ അപമാനിച്ചെന്നും കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവിന് അഹങ്കാരമാണെന്നും ഞാൻ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണെന്നും അൻവർ വേദിയിൽ പറഞ്ഞു. ഒരു മനുഷ്യനെ പരിഹസിക്കാവുന്നതിൻ്റെ അങ്ങേയറ്റമാണ് തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചത്. വയനാട് രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ കൊടിപോലും ഒഴിവാക്കി മുസ്‌ലിം ലീഗ് ത്യാഗം ചെയ്തു. മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ ഡി എം കെ സർവേ നടത്തി. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം പകുതി കോൺഗ്രസ് നേതാക്കൾ അംഗീകരിക്കുന്നില്ല. സരിൻ്റെ സ്ഥാനാർത്ഥിത്വം കൂടെയുള്ളവർ പലരും അംഗീകരിക്കുന്നില്ല.