ഷൊർണുർ – കണ്ണൂർ പാസഞ്ചർ ഇനി എല്ലാ ദിവസവും, സർവീസും നീട്ടി
കണ്ണൂർ:
മലബാർ മേഖലയിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ. കണ്ണൂർ – ഷൊർണുർ പാസഞ്ചർ പ്രതിദിന സർവീസായി നീട്ടി. ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കിയാണ് മാറ്റിയിരിക്കുന്നത്. ഈ മാസം സർവീസ് അവസാനിക്കാനിരിക്കെ സർവീസ് നീട്ടിയുള്ള പ്രഖ്യാപനം വരാത്തത് ആശങ്ക ഉയർത്തിയിരുന്നു. ഇതിനൊടുവിലാണ് ഡിസംബർ 31 വരെ സർവീസ് നീട്ടിയിരിക്കുന്നത്.
നിലവിൽ നാല് ദിവസം മാത്രം സർവീസുണ്ടായിരുന്ന ട്രെയിൻ പ്രതിദിന സർവീസാക്കിമാറ്റണമെന്ന യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് യാഥാർഥ്യമാകുന്നത്. കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് വൈകുന്നേരം ആറ് മണി കഴിഞ്ഞാൽ ട്രെയിനുകളില്ലാത്ത സ്ഥിതിയായിരുന്നു. വൈകീട്ട് ഓഫീസ്/ സ്കൂൾ സമയം കഴിഞ്ഞ് പാസഞ്ചർ ട്രെയിനുകളില്ലാത്തത് ഏറെ ചർച്ചയായിരുന്നു ഈ ഘട്ടത്തിലാണ് പുതിയ ട്രെയിൻ വരുന്നത്.