അടിമാലി മണ്ണിടിച്ചിൽ ദുരന്തം:ഗൃഹനാഥന് ദാരുണാന്ത്യം
ഇടുക്കി:
കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഒരു മരണം. മണ്ണിടിച്ചിലിൽ വീടിനുള്ളില്‍ കുടുങ്ങിയ ബിജു ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30-ഓടെ കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്താണ് അപകടമുണ്ടായത്.
അഞ്ചു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തകർന്ന വീടിന്റെ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ബിജുവിനെയും ഭാര്യ സന്ധ്യയെയും പുറത്തെത്തിച്ചത്. ഗുരുതരാവസ്ഥയിലാണ് ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
സാരമായ പരുക്കുകളോടെയാണ് സന്ധ്യയെ പുറത്തെടുത്തത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് വിദഗ്‌ധ ചികിത്സയ്‌ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങി സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുകളുണ്ടെന്നാണ് വിവരം.
