പ്രതീക്ഷ
രചന സുജാത നെയ്യാറ്റിൻകര.
ഒരു പൂവ് കൂടി കൊഴിയുന്നതാ
ഈ കാലത്തിൻ ചില്ലയിൽ നിന്നും
പുഞ്ചിരി മാഞ്ഞൊരു അമ്മ മരത്തിൻറെ ചില്ലകൾ തേങ്ങി വിതുമ്പി..
ചെഞ്ചായം തേഞ്ഞൊരാ സൂര്യൻ കടലിൻറെ മസ്തിഷ്ക വേനലിൽ ചായുറങ്ങി
പന്ത്രണ്ടിതളുകൾ ചേർത്തുകൊണ്ടൊരു പുതുവർഷം വിടർത്തുന്നു ലോകം..
കടലിന്നഗാധമാം
സ്നേഹച്ചിരാതുകൾ
പുതുനന്മ ചേർത്തു വിരിഞ്ഞിടട്ടെ
ഒരു പൂവുംപോലുമനാഥമായ് പോകാതെ
ചിറകെട്ടി കാത്തുകൊള്ളേണം നമ്മൾ
എങ്ങുനിന്നുമൊരു വെടിയൊച്ച കേൾക്കാതെ
പുകയാതെ, കണ്ണുകൾ ലോക നീതിക്കായി തുറന്നു വയ്ക്കാം
രാഷ്ട്രീയ, മത,
വർഗ്ഗ കോമരങ്ങൾ തുള്ളി
നാടിനെ വെട്ടി മുറിച്ചിടുമ്പോൾ
ചിതറി വീഴുന്നൊരാ രക്തക്കറയുടെ
നിറമാണ് നമുക്കെന്നു നീ കണ്ടിടുന്നോ
യുദ്ധക്കൊതിയും ലഹളയും ചേർന്നൊരു നാടിനെ പട്ടിണിയാക്കിടുന്നു
പിഞ്ചു കുഞ്ഞിൻറെ വിശപ്പിൻ മുറവിളി
നെഞ്ചകം വെട്ടിപ്പൊളിച്ചിടുന്നു
പെണ്ണുടൽ തെരുവിൽ പിറക്കുന്നു വേശ്യയായ്
ജീവൻറെ നാമ്പും മരിക്കാതിരിക്കുവാൻ
പിഞ്ചോമനയുടെ നിലവിളി നെഞ്ചേറ്റി
മുലയൂട്ടുമമ്മതൻ മാറും മരവിച്ചു
സ്നേഹസ്വാതന്ത്ര്യത്തിനിതളുകൾ പൂക്കാത്ത
ലോകമേ നിന്നെ നമുക്ക് വേണ്ട
ഗന്ധകം പൂക്കുന്ന, വെടിവെച്ച വിതറുന്ന ലോകമേ നിന്നെ നമുക്ക് വേണ്ട
ഇരുളിൻറെ ഉടയാട മേലങ്കിയാക്കിയ
കാമലോകത്തെ നമുക്കു വേണ്ട
ഈ ലോകജാതരായ് വന്നവർ നാമെല്ലാം
സ്നേഹത്തിനടയാളമായൊരു ഒലിവിലകൊത്തി പറന്നുയരാം..
സ്നേഹ പ്രാവുകളായി പറന്നുയരാം..!!