പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ ഇന്ന് വിധി
പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ ഇന്ന് വിധി. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് കോടതിയില്‍ നടന്നത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഉത്തരവ് പറയുക.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പി പി ദിവ്യ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ പി പി ദിവ്യക്കെതിരായ പാർട്ടി നടപടിയും വൈകുകയാണ്. കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. നവീൻ ബാബു കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തിയ ടിവി പ്രശാന്തിന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.
ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി. പി പി ദിവ്യക്കെതിരെ സിപിഐഎം ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പാര്‍ട്ടി തല നടപടികൾ വന്നിട്ടില്ല.