ലോകകപ്പിൽ ആശ ശോഭനയ്ക്ക് ആദ്യ വിക്കറ്റ്
ദുബായ്:
മലയാളി സ്പിൻ ബൗളർ ആശ ശോഭന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കായി അരങ്ങേറി. ന്യൂസിലന്റിനെതിരെ നാല് ഓവറിൽ 22 റൺ വഴങ്ങി ഒരു വിക്കറ്റെടുത്തു. കിവീസ് ബാറ്റർമാർ റണ്ണൊഴുക്കുന്നതിനിടെ ഏഴാം ഓവറിലാണ് ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ ആശയെ പന്തേൽപ്പിച്ചത്. പന്തിന്റെ തിരിയൽ മനസിലാകാതെ ബാറ്റു വീശിയ പ്ലിമ്മറെ സ്മൃതി മന്ദാന ഓടിപ്പിടിച്ചു. മൂന്നാം ഓവറിൽ മൂന്നു റൺ മാത്രം. 3-0-10-1 എന്ന തകർപ്പൻ സ്പെൽ. അവസാന ഓവറിൽ കിവീസ് 12 റണ്ണടിച്ചു. ബാറ്റിങ്ങിൽ പത്താമതായി ഇറങ്ങിയ ആശ ആറ് റണ്ണുമായി പുറത്താകാതെ നിന്നു. ദേശീയ ടീമിൽ ആശയ്ക്ക് അവസരം കിട്ടുന്നത് 33-ാം വയസിലാണ്.