കണ്ണൂരിൽ വെള്ളപ്പൊക്കo നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു

കണ്ണൂർ:
ജില്ലയിൽ കനത്ത മഴ തുടരുന്നതിനെ തുടർന്ന് കക്കുവ പുഴയും ബാവലി പുഴയും കരകവിഞ്ഞൊഴുകി. പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി.
കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പല കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മുണ്ടയാംപറമ്പ് നടുക്കുന്നിയിൽ ഏഴ് കുടുംബങ്ങളെയും, ആറളം ഫാം ബ്ലോക്ക് 13-ൽ അഞ്ച് കുടുംബങ്ങളെയും ആർആർടി ഓഫിസിനു സമീപമുള്ള അങ്കണവാടിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. ആറളം ഫാം ബ്ലോക്ക് 11-ൽ വെള്ളം കയറിയതിനെ തുടർന്ന് അവിടുത്തെ കുടുംബങ്ങളെയും അങ്കണവാടിയിലേക്ക് മാറ്റി.
അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി – മുണ്ടയാംപറമ്പ് മേഖലയിൽ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. വൈകുന്നേരം ഏഴ് മണിയോടെയാണ് വെള്ളം ഉയരാൻ തുടങ്ങിയതെങ്കിലും രാത്രി ഒമ്പത് മണിയോടെ വെള്ളം താഴ്ന്നു തുടങ്ങി. കരിക്കോട്ടക്കരി കളരിക്കൽ പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് പൂർണമായും ഗതാഗതം തടസപ്പെട്ടു. മുണ്ടയാംപറമ്പ് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇരിട്ടി അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.