മുഖ്യമന്ത്രി പമ്പയില്‍, വിദേശികള്‍ അടക്കം 3000 പ്രതിനിധികള്‍

പത്തനംതിട്ട :
ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം നാളെ നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി രാത്രി എട്ടരയോടെ പമ്പയില്‍ എത്തി. പൊതുമരാമത്തിന്റെ ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രി തങ്ങുക. കനത്ത സുരക്ഷയാണ് പമ്പയിലും പരിസരത്തും പൊലീസ് ഒരുക്കിയിരിക്കുന്നത്.
ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന് അധ്യക്ഷനാകും. തമിഴ്നാട് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു, ഐടി വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജന് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാണ്.
സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജന്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന് കുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംഎല്‍എമാരായ കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റിയന് കുളത്തുങ്കല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ശബരിമല തന്ത്രി ബ്രഹ്മശ്രീ മഹേഷ് മോഹനര്, പന്തളം കൊട്ടാരം സെക്രട്ടറി എം ആര് സുരേഷ് വര്‍മ, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, നായര്‍ സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് എം സംഗീത് കുമാര്‍, കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, മല അരയ മഹാസഭ ജനറല്‍ സെക്രട്ടറി പി കെ സജീവ്, കേരള ബ്രാഹ്മണ സഭ പ്രതിനിധി കരിമ്പുഴ രാമന്, ശിവഗിരി മഠം പ്രതിനിധി സ്വാമി പ്രബോധ തീര്‍ത്ഥ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ അജികുമാര്‍, പി ഡി സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
രാവിലെ ആറ് മുതല്‍ പ്രതിനിധികളുടെ രജിസ്ട്രേഷന് ആരംഭിക്കും. 8.30 മുതല്‍ 9.30 വരെ ഭജന്‍. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രാര്‍ഥനയോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. റവന്യു (ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സമീപന രേഖ അവതരിപ്പിക്കും.