വയനാടിനെ വിറപ്പിച്ച നരഭോജി കടുവ പിടിയിൽ; വണ്ടിക്കടവിൽ വനംവകുപ്പിന്റെ കൂട്ടിലായി
കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. വണ്ടിക്കടവിൽ സ്ഥാപിച്ച കൂട്ടിൽ പുലർച്ചെ ഒന്നരയോടെയാണ് കടുവ അകപ്പെട്ടത്. കഴിഞ്ഞ ഡിസംബർ 20-ന് ദേവർഗദ്ദ ചെത്തിമറ്റം സ്വദേശി മാരനെ (70) കൊലപ്പെടുത്തിയ കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
പിടികൂടിയത് 14 വയസുള്ള ആൺകടുവയെയാണെന്നും ഇതിനെ സുരക്ഷിതമായി ബത്തേരി കുപ്പാടിയിലെ വനംവകുപ്പ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ആക്രമണം നടന്നത് വനത്തിനുള്ളിൽ
ഡിസംബർ 20-ന് വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് മാരൻ കടുവയുടെ ആക്രമണത്തിന് ഇരയായത്. വിറക് കെട്ടാനുള്ള വള്ളി ശേഖരിക്കാൻ വനത്തിലേക്ക് കയറിയ മാരനെ കടുവ കടിച്ചു വലിച്ചു കൊണ്ടുപോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും ഗുരുതരമായി പരുക്കേറ്റ മാരൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ പ്രദേശത്ത് വൻ പ്രതിഷേധവും ഭീതിയും നിലനിന്നിരുന്നു.
പരിക്കേറ്റ കടുവ; ആശ്വാസത്തിൽ ജനങ്ങൾ
വനംവകുപ്പ് നേരത്തെ തന്നെ നിരീക്ഷിച്ചുവന്നിരുന്ന പരിക്കേറ്റ കടുവയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ആടിക്കൊല്ലി, അമരക്കുനി, ഊട്ടിക്കവല തുടങ്ങിയ ജനവാസ മേഖലകളിൽ ഇറങ്ങി കന്നുകാലികളെ കൊന്നൊടുക്കിയതും ഇതേ കടുവയാണെന്ന് കരുതപ്പെടുന്നു. നീണ്ട ദിവസത്തെ തെരച്ചിലിനും നിരീക്ഷണത്തിനും ഒടുവിലാണ് നരഭോജിയെ കുടുക്കാൻ വനംവകുപ്പിന് സാധിച്ചത്.
കടുവ പിടിയിലായതോടെ ആഴ്ചകളായി ഭീതിയിൽ കഴിഞ്ഞിരുന്ന പുൽപ്പള്ളിയിലെയും വണ്ടിക്കടവിലെയും ജനങ്ങൾ വലിയ ആശ്വാസത്തിലാണ്.
