ഹൈക്കോടതി വിധി: ആന്റണി രാജുവിന് തിരിച്ചടി, മത്സരരംഗത്തുനിന്ന് പുറത്തേക്ക്
കൊച്ചി:
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജനാധിപത്യ കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് കനത്ത പ്രഹരമേൽപ്പിച്ച് ഹൈക്കോടതി ഉത്തരവ്. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ കീഴ്ക്കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ജസ്റ്റിസ് സി. ജയചന്ദ്രന്റെ സിംഗിൾ ബെഞ്ച് തള്ളി. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആന്റണി രാജുവിന്റെ സാധ്യതകൾ പൂർണ്ണമായും അടഞ്ഞു.
ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ച വ്യക്തികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയുണ്ട്. ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിക്കാതിരുന്നതോടെ ഈ അയോഗ്യത നിലനിൽക്കും. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടാനിരുന്ന ആന്റണി രാജുവിനും ഇടതുമുന്നണിക്കും രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഈ വിധി ഉണ്ടാക്കിയിരിക്കുന്നത്.
മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടി വിദേശ പൗരനെ രക്ഷിക്കാൻ ശ്രമിച്ചു എന്ന അതീവ ഗുരുതരമായ ആരോപണമാണ് ആന്റണി രാജുവിനെതിരെയുള്ളത്. കേസിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തൊണ്ടിമുതലിൽ തിരുമറി നടത്തിയത് നിസ്സാരമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയും സമാനമായ രീതിയിൽ സ്റ്റേ ആവശ്യം നിരാകരിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകൾ ഇടതുമുന്നണി അടിയന്തരമായി ആരംഭിക്കേണ്ടി വരും.
