മിഡിൽ ഈസ്റ്റിൽ യുദ്ധം കനക്കുന്നു: ഇസ്രായേൽ ആക്രമണത്തിൽ ലാരിജാനിയും സുലൈമാനിയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Ali Larijani
ടെൽ അവീവ്:
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്റെ സുരക്ഷാ തലവൻ അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് അവകാശപ്പെട്ടു. ഇറാന്റെ ബസീജ് ഫോഴ്സ് കമാൻഡർ ഗുലാംറേസ സുലൈമാനിയെയും കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. എന്നാൽ ഈ റിപ്പോർട്ടുകളോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ബെയ്‌റൂട്ടിലെ മൂന്ന് പ്രമുഖ മേഖലകളിലാണ് ഇസ്രായേൽ ബോംബുകൾ വർഷിച്ചത്. തെക്കൻ ലെബനനിൽ നടന്ന വ്യോമാക്രമണത്തിൽ ഒരു ലെബനീസ് സൈനികൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ സൈന്യം സ്ഥിരീകരിച്ചു.
അതേസമയം, ഗൾഫ് മേഖലയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. ഖത്തർ, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങൾ ആകാശത്തുനിന്നുള്ള ഭീഷണികൾ തടഞ്ഞതായി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ച സാഹചര്യത്തിൽ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ അയക്കാൻ താൽപ്പര്യമില്ലെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ പങ്കുചേരാൻ തങ്ങൾക്കില്ലെന്ന് ജർമ്മനിയും അറിയിച്ചിട്ടുണ്ട്.
