റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; ഒരു പവന് 1,12,200 രൂപയായി ഉയർന്നു
തിരുവനന്തപുരം:
ആഗോള വിപണിയിലെ അസ്ഥിരതകളെത്തുടർന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് പവന് 1,120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,200 രൂപ എന്ന പുതിയ നിരക്കിലെത്തി. ഗ്രാമിന് 140 രൂപ വർധിച്ച് 14,025 രൂപയായി.
18 കാരറ്റ് സ്വർണത്തിന്റെ വിലയും ഗ്രാമിന് 11,475 രൂപയായി ഉയർന്നിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണമായി വിലയിരുത്തുന്നത്. വെള്ളി വിലയിൽ നേരിയ വ്യത്യാസം മാത്രമാണ് രേഖപ്പെടുത്തിയത്; ഗ്രാമിന് 260 രൂപയാണ് ഇന്നത്തെ നിരക്ക്.
സ്വർണവില വർധിക്കുന്നതോടൊപ്പം ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്കിങ് നിരക്കുകൾ എന്നിവ കൂടി ചേരുമ്പോൾ സാധാരണക്കാർക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറുകയാണ്. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാൽ പോലും ഒരു പവൻ ആഭരണത്തിന് വിപണി വിലയേക്കാൾ വലിയ തുക നൽകേണ്ടി വരും. വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നു.
