സിബിഎസ്ഇ പത്താം ക്ലാസ്: ദേശീയ തലത്തിൽ രണ്ടാം റാങ്ക് തിളക്കവുമായി അന്ന മറിയം; ക്രൈസ്റ്റ് നഗറിന് ചരിത്ര വിജയം
റാങ്ക് തിളക്കവുമായി അന്ന മറിയം
BY :Sumesh Krishnan,Thiruvananthapuram bureau chief
തിരുവനന്തപുരം:
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറു ശതമാനം വിജയവും ദേശീയ തലത്തിലെ റാങ്ക് നേട്ടവുമായി കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ അഭിമാനകരമായ നേട്ടം കൈവരിച്ചു. സ്കൂളിലെ അന്ന മറിയം 500-ൽ 499 മാർക്ക് (99.8%) നേടി ദേശീയ തലത്തിൽ രണ്ടാം റാങ്കും ജില്ലയിൽ ഒന്നാം റാങ്കും കരസ്ഥമാക്കി സ്കൂളിന്റെ യശസ്സുയർത്തി.
വിജയവിശേഷങ്ങൾ: സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മാളവിക എ.എസ് (497 മാർക്ക്), ചാരു മാനവ് ബി. കെ (495 മാർക്ക്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പരീക്ഷയെഴുതിയ 163 വിദ്യാർത്ഥികളിൽ 153 പേർ ഡിസ്റ്റിങ്ഷനും 10 പേർ ഫസ്റ്റ് ക്ലാസ്സും കരസ്ഥമാക്കി എന്നതും ശ്രദ്ധേയമാണ്. ഇതിൽ 101 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയാണ് ഉന്നത വിജയം ഉറപ്പിച്ചത്.
അനുമോദന ചടങ്ങ്: ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. സേവ്യർ അമ്പാട്ട് സി എം ഐ മധുരവും സമ്മാനങ്ങളും നൽകി അനുമോദിച്ചു. ദേശീയ റാങ്ക് ജേതാവ് അന്ന മറിയത്തെ അക്കാഡമിക് കോഡിനേറ്റർ ജയ ജേക്കബ് ഹാരമണിയിച്ച് ആദരിച്ചു. ക്ലാസ് ടീച്ചർ ദീപ എ.ആർ വിജയികൾക്ക് ബൊക്കെകൾ നൽകി സന്തോഷം പങ്കിട്ടു. അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
തുടർച്ചയായ വർഷങ്ങളിൽ മികച്ച വിജയം കൈവരിക്കുന്ന ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ, ഈ വർഷത്തെ അത്യുജ്ജലമായ റാങ്ക് നേട്ടത്തിലൂടെ തങ്ങളുടെ അക്കാഡമിക് മികവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
