കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ്: ബി.സി. ഭാർട്ടിയ പ്രസിഡന്റ്; എസ്.എസ്. മനോജ് ദേശീയ സെക്രട്ടറി
ന്യൂഡൽഹി:
രാജ്യത്തെ പ്രമുഖ വ്യാപാര സംഘടനയായ കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സിന്റെ (CAIT) പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടന്ന ദേശീയ സമ്മേളനത്തിൽ ബി.സി. ഭാർട്ടിയെ (നാഗ്പൂർ) ദേശീയ പ്രസിഡന്റായും, ലോക്സഭാംഗം പ്രവീൺ ഖണ്ടേൽവാളിനെ സെക്രട്ടറി ജനറലായും ഐക്യകണ്ഠേന വീണ്ടും തിരഞ്ഞെടുത്തു. ഒഡീഷയിൽ നിന്നുള്ള ബ്രിജ്മോഹൻ അഗർവാളാണ് ദേശീയ ചെയർമാൻ.
കേരളത്തിന് അഭിമാനമായി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കെയ്റ്റ് സംസ്ഥാന സെക്രട്ടറി ജനറലുമായ എസ്.എസ്. മനോജിനെ ദേശീയ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. നിലവിലെ സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യർ ദേശീയ പ്രവർത്തക സമിതിയിൽ തുടരും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ ഭാരവാഹി പട്ടികയാണ് സമ്മേളനം അംഗീകരിച്ചത്. തമിഴ്നാട്ടിൽ നിന്ന് എ.എം. വിക്രം രാജ, പോണ്ടിച്ചേരിയിൽ നിന്ന് എം. ശിവശങ്കർ എം.എൽ.എ എന്നിവരുൾപ്പെടെയുള്ളവർ ദേശീയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ വ്യാപാര മേഖലയിലെ വെല്ലുവിളികളെ നേരിടുന്നതിനും വ്യാപാരികളുടെ ക്ഷേമത്തിനുമായി പുതിയ നേതൃത്വം ശക്തമായി ഇടപെടുമെന്ന് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ അറിയിച്ചു.
