എഫ്.എം.ജി വിദ്യാർത്ഥികൾക്കായുള്ള മെഡിക്കൽ ഇന്റേൺഷിപ്പ് കൗൺസിലിംഗ് ഏപ്രിൽ 29-ന്
BY:SUMESHKRISHNAN
തിരുവനന്തപുരം: വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ (FMG) വിദ്യാർത്ഥികൾക്കായി കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കുന്നതിനുള്ള കേന്ദ്രീകൃത കൗൺസിലിംഗും മോപ്പ് അപ്പ് അലോട്ട്മെന്റും ഏപ്രിൽ 29-ന് നടക്കും.
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്ന് ക്ലിനിക്കൽ ക്ലർക്ക്ഷിപ്പിനും ഇന്റേൺഷിപ്പിനുമുള്ള അറിയിപ്പ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്കാണ് ഈ അവസരം. തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (DME) വെച്ചാണ് അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കുന്നത്. സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ലഭ്യമായ ഒഴിവുകളിലേക്കാണ് പ്രവേശനം നൽകുന്നത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട സമയത്ത് കൗൺസിലിംഗിന് ഹാജരാകേണ്ടതാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വിജ്ഞാപനത്തിനുമായി വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റായ www.dme.kerala.gov.in സന്ദർശിക്കാവുന്നതാണ്.
