പ്രതീക്ഷകളുടെ വിസ്മയതരംഗം…——‐——————————————പ്രവീൺ /വാരചിന്ത
വിസ്മയ കാഴ്ചകളുടെ ഒരു തെരഞ്ഞെടുപ്പ് കാലമാണ് കടന്നുപോയത്. ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ കേരളജനതയും കാഴ്ചവച്ചു, ആശയവൈവിധ്യങ്ങളുടെ ഒരു അതിഗംഭീര വിസ്മയം. നൂറുതികക്കും എന്നുപറഞ്ഞ നേതാവിനെ പോലും അമ്പരിപ്പിച്ച വിസ്മയതരംഗം…
സാങ്കേതിക- ഭൂരിപക്ഷ- ന്യൂനപക്ഷ തുടങ്ങി രാഷ്ട്രീയ നിരീക്ഷണ സമവായങ്ങൾക്കതീതമായി, ജനം യുഡിഎഫിനെ തിരഞ്ഞെടുത്തു എന്നതിനേക്കാളുപരി, എൽഡിഎഫിനെ മാറ്റിനിർത്തി പടിക്ക്പുറത്താക്കി എന്നു പറയുന്നതായിരിക്കും ഉചിതം. അതിൻറെ ഞെട്ടലിൽ നിന്ന് എൽഡിഎഫ് ഇപ്പോഴും മുക്തമായില്ല എന്നുവേണം അവരുടെ മൗനം സൂചിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്തെ സാധാരണ ഗ്രൂപ്പ്കോലാഹലങ്ങൾ മാറ്റിവെച്ച് അക്ഷരാർത്ഥത്തിൽ ഒരുമിച്ച്നിന്ന് അമ്പരപ്പിച്ച കോൺഗ്രസ് ഈ തകർപ്പൻ വിജയത്തിന്ശേഷം ആശ്വാസകരമായ കാര്യങ്ങളിലേക്കല്ല ചുവടുവച്ചിരിക്കുന്നത്.
തീവ്ര വലത്-ഇടത് പക്ഷമല്ലാത്ത നിഷ്പക്ഷമതികളായ, യുഡിഎഫിനും പ്രത്യേകിച്ച് കോൺഗ്രസിനും വോട്ട് ചെയ്ത് വിജയിപ്പിച്ച സാധാരണക്കാരന് സഹിക്കാവുന്നതിലും ക്ഷമിക്കാവുന്നതിനും അപ്പുറമാണ് ഇപ്പോഴത്തെ ഈ മത്സര വിഭാഗീയത.
ജനഹിതം ഉൾക്കൊണ്ട് ജനക്ഷേമപ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാനും ഏകോപിപ്പിക്കാനും നടപ്പിലാക്കാനും എല്ലാറ്റിലുമുപരി പ്രകടനപത്രികയിൽ പറഞ്ഞ ഓരോ കാര്യങ്ങളും എങ്ങനെ പ്രവർത്തികമാക്കാം എന്ന് ഒറ്റക്കെട്ടായി ഒത്തൊരുമയോടെ തീരുമാനിച്ച് മുന്നോട്ടുപോകേണ്ട നിർണായക സമയത്താണ് ഈ മൂപ്പിളമ-ഒന്നാംസ്ഥാന തർക്കം.
മുഖ്യൻ ആരായാലും സാധാരണക്കാരന് ക്ഷേമം ഉറപ്പുവരുത്തുക എന്നത് മാത്രമാവണം ലക്ഷ്യം. കാരണം നിറവേറ്റാൻ കഴിയാതെ പോയ ഒരുപാട് പ്രതീക്ഷകളുടെ കൂട്ടായ ഏകോപനമായിരുന്നു ഈ അത്ഭുതവിജയത്തിന് ആധാരം…
പൊരിവെയിലത്ത് വീട്ടുകാരെയും കുഞ്ഞുകുട്ടികളെയും മാറ്റി നിർത്തി ദിവസങ്ങളും മാസങ്ങളും ഭരണകേന്ദ്രത്തിനു മുൻപിൽ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കാൻ, ഒരു ചെറിയ സംഖ്യയുടെ വർദ്ധനവിന്റെ ആശ്വാസം സ്വപ്നം കാണുന്ന-ദിനം മുഴുവൻ സമയക്രമത്തിനതീതമായി ജോലി സന്നദ്ധതയും മനസ്സാന്നിധ്യവും കൈമുതലായുള്ള ആശാവർക്കർമാരുടെ പ്രതീക്ഷകൾ…
അടിസ്ഥാന വിദ്യാഭ്യാസത്തിൻറെ മാത്രമല്ല മത്സര പരീക്ഷകളുടെ കടമ്പകൾ ഒന്നൊന്നായി രാവിനെ പകലാക്കി പഠിച്ച് കഷ്ടപ്പെട്ട് വിജയിച്ച് കടന്നുവന്ന് ലിസ്റ്റിൽ കയറി ഒടുവിൽ കാലാവധി തീരുമെന്ന് അധികാരികളെ ബോധ്യപ്പെടുത്താൻ, അർഹതപ്പെട്ട നിയമനം ലഭിക്കാൻ മുട്ടുകാലിലിഴഞ്ഞ് സമരം നടത്തിയ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ തീക്ഷ്ണതയുടെയും നിരാശയുടെയും പരീക്ഷണങ്ങളുടെയും- ഞങ്ങൾക്ക് സംഭവിച്ചത് ഇനി മറ്റൊരാൾക്കും സംഭവിക്കാൻ പാടില്ല എന്ന ആഗ്രഹത്തിന്റെയും പ്രതീക്ഷ…
കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ അഥവാ ലഭിച്ചാൽതന്നെ അനാസ്ഥതയുടെ കത്രികഭാരം താങ്ങി കരഞ്ഞ് വിളിച്ച അമ്മമാരുടെയും അവരെ നെഞ്ചേറ്റിയ ഒരു നിസ്സഹായ സമൂഹത്തിന്റെയും പ്രതീക്ഷ…
തകർത്തെറിഞ്ഞ പ്രകൃതി ദുരന്തങ്ങൾക്ക് മുൻപിൽ ലോകത്തെ നന്മയുള്ള ആളുകൾ സമ്മാനിച്ച കോടികൾക്ക് മുകളിൽ, ഇനി ഒന്നും ചെയ്യാനില്ല എന്ന ഭാവത്തോടെ ഇരുന്ന്, ഒടുവിൽ ഇഷ്ട്ടകരാറുകാർക്ക് വിള്ളലും ചോർച്ചയും സൃഷ്ടിക്കാൻ അവസരം നൽകി പെരുവഴിയിൽ ഇന്നും കഴിയുന്ന ദരിദ്രപട്ടികയിൽ പോലും ഇല്ലാത്ത അതിദരിദ്രരുടെ പ്രതീക്ഷ…
അതു മനസ്സിലാക്കേണ്ടത് മുന്നണിയും പരസ്പരം പോരടിക്കുന്ന നേതാക്കളും അവരെ നിയന്ത്രിക്കുന്നു എന്ന് അവകാശപ്പെടുന്ന ദേശീയ നേതൃത്വവും തന്നെയാണ്.
അത് കൃത്യസമയത്ത് ഉൾക്കൊള്ളാനും തിരുത്താനും കഴിഞ്ഞില്ലെങ്കിൽ, നിരവധി പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണ് തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞ് സമാധാനം കണ്ടെത്തുന്ന ഇടതുപക്ഷത്തിന്റെ ഇന്നത്തെ അവസ്ഥയിലേക്കുള്ള ദൂരം കുറഞ്ഞു കൊണ്ടേയിരിക്കും..
നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത, ജനപക്ഷത്തോടു ചേർന്നു നിൽക്കുന്ന ഭരണം കാഴ്ചവയ്ക്കുന്ന നാളുകൾ ആകട്ടെ എന്ന് ആഗ്രഹിക്കുന്നു…ആശംസിക്കുന്നു…

