ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു; സതീശന് പൂർണ്ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല

തൃശൂർ:
മുഖ്യമന്ത്രി പദവിയിൽ നിന്നും തഴഞ്ഞതിലുള്ള അതൃപ്തികൾക്കൊടുവിൽ നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് എടുത്ത തീരുമാനത്തെ പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കമാൻഡ് പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പോലും പങ്കെടുക്കാതെ രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്ക് പോയിരുന്നു. തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം മൗനം വെടിഞ്ഞത്. പത്ത് വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ നിന്നും കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിനുള്ളതെന്ന് ചെന്നിത്തല ഓർമ്മിപ്പിച്ചു.
പുതിയ യുഡിഎഫ് സർക്കാരിന് കോൺഗ്രസ് പ്രവർത്തകരുടെയും ജനങ്ങളുടെയും പരിപൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം, പുതിയ മന്ത്രിസഭയിൽ താൻ ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
