പഴയ വാഹനം പൊളിക്കൽ ഇനി ലാഭകരം; നികുതിയിളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മോട്ടോർ വാഹന വകുപ്പ്

 പഴയ വാഹനം പൊളിക്കൽ ഇനി ലാഭകരം; നികുതിയിളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മോട്ടോർ വാഹന വകുപ്പ്

BY:TSTVM

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ പഴയ വാഹനങ്ങൾ പൊളിക്കുന്നവർക്ക് ആകർഷകമായ ആനുകൂല്യങ്ങളുമായി സർക്കാർ. പഴയ വാഹനം അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങളിൽ (RVSF) ഏൽപ്പിച്ച് ‘സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്’ (CoD) കൈപ്പറ്റുന്നവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ വൻതോതിൽ നികുതിയിളവും രജിസ്ട്രേഷൻ ഫീസ് ഇളവും ലഭിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുതിയ സ്ക്രാപ്പേജ് നയത്തിന്റെ ഭാഗമായാണ് ഈ ആനുകൂല്യങ്ങൾ.

പഴയ വാഹനം സ്ക്രാപ്പിങ് കേന്ദ്രത്തിന് കൈമാറുമ്പോൾ ലഭിക്കുന്ന കോഡ് (CoD) ഉടമയ്ക്ക് സ്വന്തമായി ഉപയോഗിക്കുകയോ അല്ലെങ്കിൽ ഓൺലൈൻ വെബ്‌സൈറ്റുകൾ വഴി മറ്റൊരാൾക്ക് വിൽക്കുകയോ ചെയ്യാം. ഈ സർട്ടിഫിക്കറ്റ് രാജ്യത്താകെ കൈമാറ്റം ചെയ്യാവുന്നതാണ് (Tradeable).

കേരളത്തിൽ ലഭിക്കുന്ന പ്രധാന ഇളവുകൾ താഴെ പറയുന്നവയാണ്:

  • രജിസ്ട്രേഷൻ ഫീസ് ഇല്ല: പുതിയ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ഈടാക്കുന്ന രജിസ്ട്രേഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കി നൽകും.
  • സ്വകാര്യ വാഹനങ്ങൾക്ക് (Private Vehicles): ലൈഫ് ടാക്സിന്റെ (Life Tax) 15 ശതമാനം ഇളവ് 15 വർഷത്തേക്ക് ലഭിക്കും.
  • വാണിജ്യ വാഹനങ്ങൾക്ക് (Transport Vehicles): റോഡ് ടാക്സിന്റെ 10 ശതമാനം ഇളവ് 5 വർഷത്തേക്ക് ലഭിക്കും.

എന്നാൽ, പൊളിച്ച വാഹനത്തിന്റെ അതേ വിഭാഗത്തിൽപ്പെട്ട പുതിയ വാഹനം വാങ്ങുമ്പോൾ മാത്രമായിരിക്കും (ഉദാഹരണത്തിന് കാറിന് പകരം കാർ) ഈ ആനുകൂല്യം ലഭിക്കുക. കൂടാതെ, CoD ലഭിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ തന്നെ പുതിയ വാഹനം വാങ്ങി ഈ ആനുകൂല്യം കൈപ്പറ്റേണ്ടതുണ്ട്.

രജിസ്ട്രേഷൻ റദ്ദാക്കുന്ന വിധം

വാഹനം പൂർണ്ണമായും പൊളിച്ചു കഴിഞ്ഞാൽ ഉടമയ്ക്ക് ‘സർട്ടിഫിക്കറ്റ് ഓഫ് വെഹിക്കിൾ സ്ക്രാപ്പിങ്’ (Certificate of Vehicle Scrapping) ലഭിക്കും. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്, വാഹനത്തിന്മേൽ നിലവിലുള്ള സാമ്പത്തിക-നിയമ ബാധ്യതകൾ തീർത്ത ശേഷം അതത് ആർ.ടി ഓഫീസുകൾ വഴി വാഹനത്തിന്റെ രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കാവുന്നതാണ്.

ഉപഭോക്താക്കൾ ശ്രദ്ധിക്കുക: പുതിയ വാഹനം വാങ്ങുമ്പോൾ CoD വഴിയുള്ള നികുതിയിളവ് കൃത്യമായി ലഭിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി ഷോറൂമിൽ അടച്ച റോഡ് നികുതിയുടെ യഥാർത്ഥ രസീത് ചോദിച്ചു വാങ്ങി തുക പരിശോധിച്ച് ബോധ്യപ്പെടണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ ഓർമ്മിപ്പിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News