ജർമ്മനിക്ക് സഡൻ ഡത്ത്; ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് മുൻ ചാമ്പ്യന്മാർ പ്രീ-ക്വാർട്ടർ കാണാതെ പുറത്ത്
BY: TS TVM
ബർലിൻ: ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനി പ്രീ-ക്വാർട്ടർ കാണാതെ പുറത്തായി. ഇത്തവണ ലോകകപ്പ് കിരീടം ചൂടുമെന്ന് ഫുട്ബോൾ വിദഗ്ധർ ഒന്നടങ്കം വിലയിരുത്തിയ ജർമ്മനിയെ, റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സഡൻ ഡത്തിലൂടെയാണ് പരാഗ്വെ അട്ടിമറിച്ചത്.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കും ഒടുവിൽ സഡൻ ഡത്തിലേക്കും നീണ്ടത്. മത്സരത്തിന്റെ 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോയിലൂടെ പരാഗ്വെയാണ് ആദ്യം ലീഡെടുത്ത് ജർമ്മനിയെ ഞെട്ടിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ജർമ്മനി ശക്തമായി തിരിച്ചുവന്നു. ഇടതുവിങ്ങിൽ നിന്ന് ഫ്ലോറിയൻ വിർട്സ് നൽകിയ മനോഹരമായ ക്രോസ് തലവെച്ച് ലക്ഷ്യത്തിലെത്തിച്ച് കായ് ഹവേർട്സ് ജർമ്മനിക്ക് സമനില സമ്മാനിച്ചു.
എക്സ്ട്രാ ടൈമിലും ഇരുടീമുകൾക്കും കൂടുതൽ ഗോളുകൾ നേടാനാകാത്തതിനെ തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടിൽ ജർമ്മനിയുടെ കായ് ഹവേർട്സ്, നിക്ക് വോൾട്ട് മേഡ് എന്നിവരുടെ കിക്കുകൾ പാഴായപ്പോൾ, പരാഗ്വെയുടെ അവസാന രണ്ട് താരങ്ങൾക്കും ലക്ഷ്യം കാണാനായില്ല. ഇതോടെയാണ് മത്സരം സഡൻ ഡത്തിലേക്ക് വഴിമാറിയത്. സഡൻ ഡത്തിൽ ജർമ്മനിയുടെ ജൊനാഥൻ ടായുടെ കിക്ക് പാഴായപ്പോൾ പരാഗ്വെ താരം പിഴവില്ലാതെ വലകുലുക്കി. ഈ വിജയത്തോടെ പരാഗ്വെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയപ്പോൾ, വൻ പ്രതീക്ഷകളോടെ വന്ന ജർമ്മനി കണ്ണീരോടെ മടങ്ങി.
