പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച: ഡി.ജി.പിയുടെ റിപ്പോർട്ട് ഇന്ന് ആഭ്യന്തര മന്ത്രിക്ക്, ഭരണസമിതി യോഗവും ഇന്ന്
BY:SURESH PERUMPALLY
തിരുവനന്തപുരം:
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട സുപ്രധാന അന്വേഷണ റിപ്പോർട്ട് ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികളിൽ ആഭ്യന്തര മന്ത്രി നേരിട്ടായിരിക്കും തീരുമാനമെടുക്കുക. ഇതോടൊപ്പം ഇന്റലിജൻസ് മേധാവി സമർപ്പിച്ച റിപ്പോർട്ടും മന്ത്രി വിലയിരുത്തും. അന്വേഷണ റിപ്പോർട്ട് ലഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് വിഷയം ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലേക്ക് നീങ്ങുന്നത്.
അതിനിടെ, കടുത്ത വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ക്ഷേത്ര ഭരണസമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ഡി.ജി.പിയുടെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാക്കാനാണ് ഭരണസമിതിയിലെ ഒരു വിഭാഗത്തിന്റെ തീരുമാനം.
സുരക്ഷ ലംഘിക്കുന്നത് ‘അടുപ്പക്കാർ’; ഡി.ജി.പി.യുടെ റിപ്പോർട്ട്
ക്ഷേത്രത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നത് കവടിയാർ കൊട്ടാരത്തിലെ നിത്യസന്ദർശകരാണെന്ന ഡി.ജി.പി.യുടെ കണ്ടെത്തൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊട്ടാരത്തിലെ ആദിത്യവർമ്മയുമായി അടുത്ത ബന്ധമുള്ളവരാണ് ഇത്തരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കാറ്റിൽപ്പറത്തുന്നതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
റിപ്പോർട്ടിൽ പരാമർശിക്കുന്ന പ്രധാന വ്യക്തികൾ:
- ഗണപതി വി. അയ്യർ, രാജേഷ് കഴക്കൂട്ടം
- ജിം അരുൺ, കോട്ടക്കൽ ഷൈജു
- പദ്മേഷ് പരശുരാമൻ, അശോക്
ഇവർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതും യാതൊരുവിധ സുരക്ഷാ സ്ക്രീനിംഗും പരിശോധനകളും കൂടാതെയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ക്ഷേത്രത്തിൽ പദവികളോ സ്ഥാനമാനങ്ങളോ നോക്കാതെ എല്ലാവരെയും കർശനമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഡി.ജി.പി. ആവശ്യപ്പെട്ടിരിക്കുന്നത്.
ഭരണസമിതി നിലപാട് കടുപ്പിച്ചേക്കും
ക്ഷേത്ര സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തുന്ന കൊട്ടാരത്തിലെ ‘അടുപ്പക്കാരുടെ’ ഇടപെടലുകൾക്കെതിരെ ഇന്നത്തെ ഭരണസമിതി യോഗത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന. വിവിഐപികളുടെയും കൊട്ടാരം പ്രതിനിധികളുടെയും പേരിൽ നടക്കുന്ന സുരക്ഷാ ലംഘനങ്ങൾ പൂർണ്ണമായും തടയാനുള്ള നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്യും.
