ഉസ്ബെക്കിസ്താനിലെ മലയാളി വിദ്യാർത്ഥിനിയുടെ മരണം: ഹരിപ്പാട് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, വണ്ടാനത്ത് റീ-പോസ്റ്റ്മോർട്ടം
ആലപ്പുഴ:
ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കേരള പോലീസും അന്വേഷണം ആരംഭിച്ചു. പ്രതിയായ പെരിന്തൽമണ്ണ സ്വദേശി സദറുൽ അനമിനെതിരെ ഹരിപ്പാട് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. നിലവിൽ ഉസ്ബെക്കിസ്താൻ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര കരാറുകളുടെ അടിസ്ഥാനത്തിൽ തുടർവിചാരണയ്ക്കായി ഇന്ത്യയ്ക്ക് കൈമാറിയേക്കും. പ്രതിയും ഇരയും ഇന്ത്യൻ പൗരന്മാരായതിനാൽ കേസ് വിട്ടുകിട്ടാൻ നിയമപരമായി തടസ്സമില്ലെന്നും വിചാരണ കേരളത്തിൽ തന്നെ നടത്താനാണ് സാധ്യതയെന്നും സൂചനയുണ്ട്. പ്രതിയുടെ കുടുംബവും വിചാരണ നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ഇന്ന് പുലർച്ചെയോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച സാവരിയയുടെ ഭൗതികശരീരം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാവിലെ 11 മണിയോടെ ഇവിടെ വെച്ച് റീ-പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും. ഉസ്ബെക്കിസ്താനിൽ നടന്ന പ്രാഥമിക പരിശോധനകൾക്ക് പുറമെ, പെൺകുട്ടിയുടെ ശരീരത്തിൽ കൂടുതൽ പരിക്കുകളും മുറിവുകളും ഉള്ളതായി കുടുംബം സംശയിക്കുന്നുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സാവരിയയുടെ പിതാവ് ബസന്ത് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്നാണ് വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ അധികൃതർ തീരുമാനിച്ചത്.
സാവരിയയെ പ്രതി സദറുൽ അനം മുൻപും പലതവണ ക്രൂരമായി മർദ്ദിച്ചിരുന്നതായി ബുഖാറ പോലീസിന് സഹപാഠികൾ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ, കെട്ടിടത്തിന് മുകളിൽ നിന്ന് വീണതാണെന്ന് വ്യാജക്കഥ ചമച്ചാണ് പ്രതി ആശുപത്രിയിൽ എത്തിച്ചത്. തുടക്കത്തിൽ കുറ്റം നിഷേധിച്ച പ്രതിയെ ഉസ്ബെക്ക് പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. വണ്ടാനം മെഡിക്കൽ കോളേജിലെ റീ-പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരം നാല് മണിയോടെ സാവരിയയുടെ സംസ്കാര ചടങ്ങുകൾ നടക്കും.
