യുഎസ്-ഇറാൻ യുദ്ധം രൂക്ഷമാകുന്നു: തുടർച്ചയായ രണ്ടാം രാത്രിയിലും അമേരിക്കൻ ബോംബാക്രമണം;
ടെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയെ പിടിച്ചുകുലുക്കി യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇരുരാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തലിനായി ഉണ്ടാക്കിയ ധാരണകൾ പൂർണ്ണമായി തകർത്തുകൊണ്ട് തുടർച്ചയായ രണ്ടാം രാത്രിയിലും ഇറാൻ നഗരങ്ങളിൽ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി. വ്യോമാക്രമണത്തിന് പിന്നാലെ ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ സ്വാധീനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഇറാൻ തീരദേശത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ ഉൾപ്പെടെ തൊണ്ണൂറിലധികം സൈനിക ലക്ഷ്യങ്ങളിൽ യുഎസ് യുദ്ധവിമാനങ്ങൾ ബോംബുകൾ വർഷിച്ചു. അഹ്വാസ് നഗരത്തിന് സമീപമുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു. ഇറാൻഷഹറിലെ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ ഒരു ഫയർഫോഴ്സ് ജീവനക്കാരൻ കൊല്ലപ്പെട്ടു. ചബഹാർ തുറമുഖം, കൺട്രോൾ ടവർ എന്നിവയ്ക്കും വ്യോമാക്രമണത്തിൽ കടുത്ത നാശനഷ്ടമുണ്ടായി. അണുകേന്ദ്രം സ്ഥിതി ചെയ്യുന്ന ബുഷെഹ്റിലും സ്ഫോടനങ്ങൾ ഉണ്ടായെങ്കിലും ആണവനിലയത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി.
അമേരിക്കൻ ആക്രമണത്തിന് തൊട്ടുപിന്നാലെ കടുത്ത തിരിച്ചടിയുമായി ഇറാൻ്റെ റവല്യൂഷണറി ഗാർഡ്സ് (IRGC) രംഗത്തെത്തി. കുവൈറ്റിലെ ക്യാമ്പ് ആരിഫ്ജാൻ, അലി അൽ സലേം എയർബേസ് എന്നിവയ്ക്ക് നേരെയും, ബഹ്‌റൈനിലെ ജുഫൈർ, ഷെയ്ഖ് ഈസ ബേസുകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തി. ആക്രമണത്തെ തുടർന്ന് കുവൈറ്റിലും ബഹ്‌റൈനിലും അപായ സൈറണുകൾ മുഴങ്ങി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കം ശക്തമായതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ജൂൺ 16-ലെ ധാരണയ്ക്ക് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ തോതിൽ കപ്പലുകൾ ഈ പാതയിലൂടെ കടന്നുപോകുന്നത്. അതിനിടെ, ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ വെറും “സമയനഷ്ടം” മാത്രമാണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
