ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വാരാന്ത്യത്തിൽ ന്യൂസിലാൻഡിലേക്ക്; ചരിത്ര സന്ദർശനത്തിനൊരുങ്ങി ഓക്‌ലൻഡ്‌

 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വാരാന്ത്യത്തിൽ ന്യൂസിലാൻഡിലേക്ക്; ചരിത്ര സന്ദർശനത്തിനൊരുങ്ങി ഓക്‌ലൻഡ്‌

BY: TNN INTERNATION DESK

ഓക്‌ലൻഡ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വാരാന്ത്യത്തിൽ ന്യൂസിലാൻഡിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ചരിത്ര സന്ദർശനം. 1986 ഒക്ടോബറിൽ രാജീവ് ഗാന്ധി സന്ദർശനം നടത്തിയതിന് ശേഷം ന്യൂസിലാൻഡ് മണ്ണിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

ന്യൂസിലാൻഡിന്റെ സാമ്പത്തിക വളർച്ചയിൽ ഇന്ത്യ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായകമാണെന്നും ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയോടെ ന്യൂസിലാൻഡിലെത്തുന്ന മോദിക്ക് ശനിയാഴ്ച രാവിലെ ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് ഇരുപ്രധാനമന്ത്രിമാരും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. തുടർന്ന് ബിസിനസ്സ് പ്രമുഖരുടെ യോഗത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും. ശനിയാഴ്ച വൈകുന്നേരം ഓക്‌ലൻഡിൽ നടക്കുന്ന ‘കിയ ഓരാ മോദി’ (Kia Ora Modi) എന്ന വൻ സമുദായ സംഗമത്തിൽ പതിനായിരത്തിലധികം പ്രവാസികൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

അതേസമയം, മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഓക്‌ലൻഡ് നഗരത്തിൽ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ന്യൂസിലാൻഡ് പോലീസ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രത്യേക സുരക്ഷാ സേനയെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഗതാഗത നിയന്ത്രണവും ഉണ്ടാകും. മോദിയുടെ രാഷ്ട്രീയ നിലപാടുകളോടും ഇന്ത്യയിലെ മനുഷ്യാവകാശ വിഷയങ്ങളോടും വിയോജിപ്പുള്ള ചില സംഘടനകൾ നഗരത്തിൽ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികളും ന്യൂസിലാൻഡ് പോലീസും സംയുക്തമായാണ് സുരക്ഷ ഉറപ്പാക്കുന്നത്. ശനിയാഴ്ച രാത്രിയോടെ പ്രധാനമന്ത്രി മോദി ഇന്ത്യയിലേക്ക് മടങ്ങും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News