ആശാ കിഷോറിന്റെ കുമാരനാശാൻ ശില്പ ചിത്രം കേരളാ റിക്കാർഡ് ബുക്കിൽ; അവാർഡ് സമർപ്പിച്ചു

 ആശാ കിഷോറിന്റെ കുമാരനാശാൻ ശില്പ ചിത്രം കേരളാ റിക്കാർഡ് ബുക്കിൽ; അവാർഡ് സമർപ്പിച്ചു

നെടുമങ്ങാട്:

മഹാകവി കുമാരനാശാന്റെ വർണ്ണചിത്രം എട്ടു ലക്ഷത്തിലധികം പഞ്ചാരമുത്തുകളാൽ മനോഹരമായി മെനഞ്ഞെടുത്ത ആശാ കിഷോറിന്റെ സമാനതകളില്ലാത്ത നേട്ടം കേരള റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. സാഹിതീ സല്ലാപം നെടുമങ്ങാട് മേഖലാ കമ്മിറ്റി ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ പ്രസിദ്ധ ചിത്രകാരനും ശിൽപ്പിയുമായ ശ്യാം ഗോപാൽ ആചാര്യയാണ് ഈ ചരിത്ര നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ചടങ്ങിൽ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ മുൻ സംസ്ഥാന പ്രസിഡന്റ് എൻ. അനന്തകൃഷ്ണൻ ആശാ കിഷോറിന് അർഹതപ്പെട്ട അവാർഡ് സമർപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി. ചന്ദ്രസേനൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ. സുധാകരൻ എന്നിവർ അവാർഡ് മുദ്രകൾ ആശാ കിഷോറിനെ അണിയിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച മനോഹരൻ വേളാവൂർ പ്രശംസാപത്രം വായിച്ചു. എസ്. ഹനീഫാ റാവുത്തർ, എൻ.ആർ.സി. നായർ, കല്ലൂർ ഈശ്വരൻ പോറ്റി, സുലഭ എൽ., മഹിളാബാബു, അനിൽ ആർ. മധു, രജി ചന്ദ്രശേഖർ, രജനി സേതു, പുഷ്പം ചുള്ളിമാനൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിനോടനുബന്ധിച്ച് പുസ്തക പ്രകാശനവും നടന്നു. അനിൽ ആർ. മധു രചിച്ച കവിതയ്ക്ക് രജി ചന്ദ്രശേഖർ തന്റെ വായനാനുഭവത്തിൽ നിന്ന് കുറിച്ച ‘കലങ്ങിയ കടലിന്റെ തീരത്ത് ഒരു മനുഷ്യൻ’ എന്ന സഹവായനാ ഗ്രന്ഥം പ്രഭാത് ബുക്ക് ഹൗസ് മുൻ ജനറൽ മാനേജർ എസ്. ഹനീഫാ റാവുത്തർ, എൻ.ആർ.സി. നായർക്ക് നൽകി പ്രകാശനം ചെയ്തു. ആദരവിന് അനിൽ ആർ. മധു, രജി ചന്ദ്രശേഖർ, ആശാ കിഷോർ എന്നിവർ മറുമൊഴി രേഖപ്പെടുത്തി നന്ദി അറിയിച്ചു.

തുടർന്ന് ബിനു കൽപ്പനശേരിയുടെ അധ്യക്ഷതയിൽ നടന്ന കവിസംഗമം ശാന്താലയം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മധു വണ്ടന്നൂർ, പുതൂർക്കോണം സുരേഷ്, രാധാകൃഷ്ണൻ തമ്പി, ഉമൈഫാ റഷീദ് എന്നിവർ പ്രസംഗിച്ചു. പ്രശസ്തരായ നിരവധി കവികൾ പങ്കെടുത്ത കവിസംഗമത്തിൽ കവിതാലാപനങ്ങളും നടന്നു. ചടങ്ങിന് മാറ്റുകൂട്ടി കൃഷ്ണമ്മ അവതരിപ്പിച്ച ‘കനകാട്ട’ നൃത്തം കാണികളുടെ മനം കവർന്നു. സാഹിതീ സല്ലാപം സെക്രട്ടറി പുഷ്പം ചുള്ളിമാനൂർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News