കുണ്ടറ കസ്റ്റഡി മർദനം: മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു; ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ റൂറൽ എസ്.പിക്ക് നിർദേശം

 കുണ്ടറ കസ്റ്റഡി മർദനം: മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു; ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ റൂറൽ എസ്.പിക്ക് നിർദേശം

കൊല്ലം:

കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ ക്രൂരമർദനത്തിന് ഇരയായി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം കുണ്ടറ സൊസൈറ്റിമുക്ക് പെരുമ്പുഴ കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് (36) മരിച്ച സംഭവത്തിലാണ് നടപടി. സംഭവത്തിൽ ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം ജില്ലാ റൂറൽ പൊലീസ് മേധാവിയോട് കമ്മിഷൻ നിർദേശിച്ചു.

ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുള്ള ഓഫിസിൽ നടക്കുന്ന സിറ്റിംഗിൽ അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന് കമ്മിഷൻ അംഗം വി. ഗീത ഉത്തരവിട്ടു. വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ഇടപെടൽ.

കഴിഞ്ഞ ജൂൺ 16-ന് രാത്രിയാണ് അയൽവാസിയായ 13 വയസ്സുകാരനെ കാണാനില്ലെന്ന പരാതിയുടെ പേരിൽ സിയാദിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. എന്നാൽ കാണാതായ കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് കേസുമായി ബന്ധമില്ലെന്ന് കണ്ട് പിറ്റേന്ന് സിയാദിനെ വിട്ടയക്കുകയായിരുന്നു. എന്നാൽ കസ്റ്റഡിയിലിരിക്കെ കുണ്ടറ സ്റ്റേഷനിലെ എസ്.ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർ ചേർന്ന് സിയാദിനെ ക്രൂരമായി മർദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. മർദനമേറ്റ് വാരിയെല്ല് പൊട്ടുകയും നട്ടെല്ലിൽ പഴുപ്പ് ബാധിക്കുകയും ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ജൂലൈ 24-ന് സിയാദ് മരിച്ചത്.

സംഭവം വൻ വിവാദമായതോടെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News