കൃത്രിമ മധുരമായ ‘സൈലിറ്റോൾ’ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം; മുന്നറിയിപ്പുമായി ഗവേഷകർ

ബർലിൻ: കാൻഡി, ഷുഗർഫ്രീ ച്യൂയിംഗം, ടൂത്ത്പേസ്റ്റ്, സംസ്കരിച്ച ഭക്ഷണപാനീയങ്ങൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരമായ ‘സൈലിറ്റോൾ’ (Xylitol) രക്തത്തിൽ ഉയർന്ന അളവിൽ കാണപ്പെടുന്നത് ഹൃദയാഘാതം, സ്ട്രോക്ക്, മറ്റ് ഹൃദ്രോഗങ്ങൾ മൂലമുള്ള മരണം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനറിപ്പോർട്ട്. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസ് 2026-ൽ അവതരിപ്പിച്ച പഠനത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി 17,710 ആളുകളെ ഉൾപ്പെടുത്തി നടത്തിയ ദീർഘകാല നിരീക്ഷണ പഠനത്തിലാണ് ഈ കണ്ടെത്തൽ. രക്തത്തിൽ സൈലിറ്റോളിന്റെ അളവ് ഏറ്റവും കൂടുതലുള്ള വ്യക്തികളിൽ, കുറഞ്ഞ അളവിലുള്ളവരെ അപേക്ഷിച്ച് ഗുരുതരമായ ഹൃദയാഘാത സാധ്യത 57% വരെ കൂടുതലാണെന്ന് കാനഡയിൽ നടന്ന 6 വർഷത്തെ പഠനം വ്യക്തമാക്കുന്നു. യുകെയിൽ നടന്ന 30 വർഷത്തെ ദീർഘകാല പഠനത്തിലും സമാനമായി 18% ഉയർന്ന അപകടസാധ്യത കണ്ടെത്തിയിട്ടുണ്ട്. രക്തത്തിൽ സൈലിറ്റോളിന്റെ അളവ് കൂടുംതോറും ഹൃദ്രോഗ സാധ്യതയും വർദ്ധിക്കുന്നതായി ഗവേഷണത്തിന് നേതൃത്വം നൽകിയ ബർലിനിലെ ചാരിറ്റി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോ. മാർക്കോ വിറ്റ്കോവ്സ്കി വ്യക്തമാക്കി.
പഞ്ചസാരയ്ക്ക് പകരമായി വ്യാപാരാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഇത്തരം ‘ഷുഗർ ആൽക്കഹോളുകൾ’ രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രമേഹ രോഗികളും ഹൃദ്രോഗ സാധ്യതയുള്ളവരും ഇത്തരത്തിലുള്ള കൃത്രിമ മധുരങ്ങൾ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ക്ലീവ്‌ലാന്റ് ക്ലിനിക്കിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. സ്റ്റാൻലി ഹേസൻ നിർദ്ദേശിച്ചു. നിലവിലെ പഠനം നിരീക്ഷണാത്മകമായതിനാൽ ഇതിൽ കൂടുതൽ വിശദമായ ഗവേഷണങ്ങൾ ആവശ്യമാണെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
