മധ്യവയസ്സിൽ തന്നെ ഓർമ്മക്കുറവ് ആരംഭിക്കാം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പുതിയ ഗവേഷണ റിപ്പോർട്ട്

 മധ്യവയസ്സിൽ തന്നെ ഓർമ്മക്കുറവ് ആരംഭിക്കാം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പുതിയ ഗവേഷണ റിപ്പോർട്ട്

വാഷിംഗ്ടൺ: ഓർമ്മക്കുറവും മസ്തിഷ്ക പ്രവർത്തനങ്ങളിലെ മന്ദതയും വാർദ്ധക്യത്തിന്റെ മാത്രം ലക്ഷണങ്ങളല്ലെന്നും, അത് മധ്യവയസ്സിൽ തന്നെ ആരംഭിക്കാമെന്നും വെളിപ്പെടുത്തി പുതിയ പഠനം. ‘സെറിബ്രൽ കോർട്ടക്സ്’ (Cerebral Cortex) എന്ന ശാസ്ത്രീയ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഹിപ്പോകാമ്പസിന്റെ (Hippocampus) പ്രവർത്തനങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ ഓർമ്മശക്തിയെ ചെറുപ്പത്തിൽ തന്നെ ബാധിച്ചു തുടങ്ങുന്നുവെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

ബിംഗ്ഹാംറ്റൺ സർവ്വകലാശാലയിലെ മനഃശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഇയാൻ മക്ഡൊണഗ്, ഡോ. മനീഷ പരുളേക്കർ എന്നിവരുടെ നേതൃത്വത്തിൽ 18-നും 74-നും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ എംആർഐ (MRI) പരിശോധനകളിലൂടെയാണ് ഈ കണ്ടെത്തൽ. ചെറുപ്പക്കാരിലും (20-30 പ്രായക്കാർ) മധ്യവയസ്സ് പിന്നിട്ടവരിലും (50-63 പ്രായക്കാർ) ഓർമ്മകളുടെ കൃത്യതയിൽ വലിയ കുറവുണ്ടാകുന്നതായി സംഘം കണ്ടെത്തി.

പ്രായമാകുമ്പോൾ മസ്തിഷ്കം ഓർമ്മകളെ വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ വിവരങ്ങൾ പരസ്പരം മാറിപ്പോകുകയും, അത് തെറ്റായ ഓർമ്മകളിലേക്ക് നയിക്കുകയും ചെയ്യുന്നു. വാർദ്ധക്യത്തിലെത്തുമ്പോൾ ഓർമ്മക്കുറവ് പ്രകടമാകുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ, അതായത് അമ്പതുകളിൽ തന്നെ തലച്ചോറിലെ ഈ മാറ്റങ്ങൾ പ്രകടമായി തുടങ്ങുന്നുണ്ട്.

എന്നാൽ, കൃത്യമായ ജീവിതശൈലിയിലൂടെ ഓർമ്മക്കുറവിനെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വായന, പുതിയ കാര്യങ്ങൾ പഠിക്കൽ തുടങ്ങിയ മാനസിക വ്യായാമങ്ങൾ, മെഡിറ്ററേനിയൻ ശൈലിയിലുള്ള ഭക്ഷണക്രമം, ക്രമമായ ഉറക്കം, പുകവലിയും മദ്യപാനവും ഒഴിവാക്കൽ, ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രണവിധേയമാക്കൽ എന്നിവയിലൂടെ മസ്തിഷ്കാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് ഡോ. സാക്ക് റാമിലെവിച്ച്, ഡോ. ഡങ് ട്രിൻ എന്നിവർ വ്യക്തമാക്കുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News