മാതളത്തിലെ വിസ്മയ ഘടകം: ഹൃദയസ്തംഭനത്തെ ചെറുക്കാൻ പുതിയ പ്രതീക്ഷ; നിർണ്ണായക കണ്ടെത്തലുമായി ശാസ്ത്ര ലോകം

ലണ്ടൻ:
മാതളനാരങ്ങ, ബെറികൾ, വാൽനട്ട് തുടങ്ങിയ സസ്യഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്രത്യേകതരം പോളിഫെനോളുകൾ (എല്ലാഗിറ്റാണിനുകൾ) ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നമ്മുടെ കുടലിലെ മൈക്രോബയോം (Gut Microbiome) ഉൽപ്പാദിപ്പിക്കുന്ന ‘യൂറോലിത്തിൻ എ’ (Urolithin A) എന്ന സ്വാഭാവിക സംയുക്തമാണ് ഹൃദയാരോഗ്യത്തിന് ഗുണകരമാകുന്നത്. സയൻസ് അഡ്വാൻസസ് (Science Advances) ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
ഹൃദയപേശികൾ കഠിനമാവുകയും രക്തം സ്വീകരിക്കാനുള്ള ശേഷി കുറയുകയും ചെയ്യുന്ന പ്രത്യേക തരം ഹൃദയസ്തംഭനമായ ‘എച്ച്.എഫ്.പി.ഇ.എഫ്’ (HFpEF) ബാധിച്ചവരിൽ ഈ സംയുക്തം ഏറെ ഫലപ്രദമാണെന്ന് മൃഗങ്ങളിലും മനുഷ്യന്റെ ഹൃദയ കോശങ്ങളിലുമായി നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. ഹൃദയപേശികളെ അയവുവരുത്താൻ സഹായിക്കുന്ന ‘PKG1alpha’ എന്ന പ്രോട്ടീനിനെ ഉത്തേജിപ്പിച്ചാണ് യൂറോലിത്തിൻ എ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന എച്ച്.എഫ്.പി.ഇ.എഫ് തടയുന്നതിൽ കുടലിന്റെ ആരോഗ്യവും ഭക്ഷണരീതിയും എത്രത്തോളം പ്രധാനമാണെന്ന് വെളിപ്പെടുത്തുന്നതാണ് ഈ പുതിയ കണ്ടുപിടുത്തം. എങ്കിലും, മാതളനാരങ്ങ നേരിട്ട് ഒരു ഔഷധമായി ഉപയോഗിക്കുന്നതിന് പകരം, ഇവ ദൈനംദിന സമീകൃതാഹാരത്തിന്റെ ഭാഗമാക്കുന്നതാണ് ഹൃദയാരോഗ്യത്തിന് നല്ലതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
