പെരിയാർ പശുവിന് ദേശീയ ബ്രീഡ് അംഗീകാരം; വെച്ചൂരിന് ശേഷം കേരളത്തിന്റെ തനത് നാടൻ കന്നുകാലി വംശം പട്ടികയിൽ

 പെരിയാർ പശുവിന് ദേശീയ ബ്രീഡ് അംഗീകാരം; വെച്ചൂരിന് ശേഷം കേരളത്തിന്റെ തനത് നാടൻ കന്നുകാലി വംശം പട്ടികയിൽ

കൊച്ചി: കേരളത്തിന്റെ ക്ഷീരമേഖലയ്ക്ക് ചരിത്ര നേട്ടം. വെച്ചൂർ പശുവിന് ശേഷം സംസ്ഥാനത്തു നിന്നുള്ള മറ്റൊരു തനത് പശുവിനമായ ‘പെരിയാർ പശു’വിന് ദേശീയതലത്തിൽ ഔദ്യോഗിക ബ്രീഡ് പദവി ലഭിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിന്റെ (ICAR) കീഴിൽ ഹരിയാനയിലെ കർണാലിൽ പ്രവർത്തിക്കുന്ന നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ്‌സസ് (NBAGR) ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

കേന്ദ്ര മൃഗസംരക്ഷണ ക്ഷീര മന്ത്രാലയത്തിന്റെയും ദേശീയ കാർഷിക ഗവേഷണ കൗൺസിലിന്റെയും പ്രതിനിധികൾ അടങ്ങിയ ഉന്നതതല ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി വിശദമായ പഠനങ്ങൾക്കും ജനിതക പരിശോധനകൾക്കും ശേഷമാണ് അംഗീകാരം നൽകിയത്. വെച്ചൂർ പശു, മലബാറി ആട്, അട്ടപ്പാടി ബ്ലാക്ക് ആട്, തലശ്ശേരി കോഴി എന്നിവയ്ക്ക് ശേഷം കേരളത്തിൽ നിന്ന് ഈ അപൂർവ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മൃഗ/പക്ഷി വംശമാണ് പെരിയാർ പശു.

ഏഴു വർഷത്തിലേറെ നീണ്ട പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളുടെയും ശാസ്ത്രീയ നിരീക്ഷണങ്ങളുടെയും ഫലമാണ് ഈ അംഗീകാരം. എൻജിനീയറിങ് ബിരുദധാരിയും മുൻ ബാങ്ക് ഉദ്യോഗസ്ഥനുമായ കോസ് കുര്യൻ എന്ന ക്ഷീരകർഷകന്റെ ദീർഘവീക്ഷണമാണ് പെരിയാർ പശുവിനെ വംശനാശത്തിൽ നിന്ന് കരകയറ്റിയത്.

ഒരു പ്രദേശത്തെ നാടൻ ജീവിവർഗത്തിന് ബ്രീഡ് പദവി ലഭിക്കുന്നതിന് കുറഞ്ഞത് ആയിരം കന്നുകാലികളെങ്കിലും ഉണ്ടാകണമെന്ന NBAGR-ന്റെ കർശന നിബന്ധന മറികടക്കാൻ അദ്ദേഹം നടപ്പിലാക്കിയ ജനകീയ പദ്ധതി ഏറെ ശ്രദ്ധേയമായി. താൻ മാനേജറായ കോടനാട് മാർ ഔഗേൻ ഹൈസ്കൂളിലെ 10 വിദ്യാർത്ഥികൾക്ക് സൗജന്യമായി പെരിയാർ പശുക്കിടാങ്ങളെ നൽകുകയും, അവയ്ക്കുണ്ടാകുന്ന ആദ്യത്തെ കിടാവിനെ മറ്റ് കുട്ടികൾക്ക് സൗജന്യമായി കൈമാറണമെന്ന നിബന്ധന വയ്ക്കുകയും ചെയ്തു. ഈ ‘ചെയിൻ സിസ്റ്റം’ വഴി പെരിയാർ പശുക്കളുടെ എണ്ണം അതിവേഗം വർധിച്ചു.

നിലവിൽ നൂറോളം പെരിയാർ പശുക്കളെ സ്വന്തമായി പരിപാലിക്കുന്ന കോസ് കുര്യൻ, ജനകീയ പങ്കാളിത്തത്തിലൂടെ ഒരു നാടൻ ജീവിവർഗത്തെ പൂർണ്ണമായി പുനരുജ്ജീവിപ്പിക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News