യമുന എക്സ്പ്രസ് വേയിൽ ഡബിൾ ഡെക്കർ ബസിന് തീപിടിച്ച് 9 പേർ വെന്തുമരിച്ചു; നിരവധി പേർക്ക് പരിക്ക്

 യമുന എക്സ്പ്രസ് വേയിൽ ഡബിൾ ഡെക്കർ ബസിന് തീപിടിച്ച് 9 പേർ വെന്തുമരിച്ചു; നിരവധി പേർക്ക് പരിക്ക്

ഗ്രേറ്റർ നോയിഡ:

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുന എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പർ ബസിന് തീപിടിച്ച് ഒരു സ്ത്രീയുൾപ്പെടെ ഒൻപത് പേർ വെന്തുമരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ ദാരുണമായ അപകടമുണ്ടായത്.

ഉറക്കത്തിലായിരുന്ന യാത്രക്കാർ കുടുങ്ങി

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ദയാനത്പൂർ ഗ്രാമത്തിന് അടുത്തുവച്ചാണ് ഓടിക്കൊണ്ടിരുന്ന ബസിൽ പെട്ടെന്ന് തീ പടർന്നത്. ഡൽഹിയിൽ നിന്നും നോയിഡ വഴി ഉത്തർപ്രദേശിലെ തന്നെ മഹോബയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിലാണ് അപകടമുണ്ടായത്.

ജെവാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. അപകടസമയത്ത് മുപ്പതിലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പുലർച്ചെയായതിനാൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസിൽ തീ ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവർ വാഹനം എക്സ്പ്രസ് വേയുടെ വശത്തേക്ക് ഒതുക്കി നിർത്തി. പെട്ടെന്ന് തീ പടർന്നുപിടിച്ചതോടെ യാത്രക്കാർ പരിഭ്രാന്തരാവുകയും ജീവൻ രക്ഷിക്കാനായി പലരും ജനൽ ചില്ലുകൾ തകർത്ത് പുറത്തേക്ക് ചാടുകയും ചെയ്തു.

എന്നാൽ സ്ലീപ്പർ ബസായതിനാലും തീ അതിവേഗം പടർന്നതിനാലും ഒരു സ്ത്രീയുൾപ്പെടെ ഒൻപത് പേർക്ക് പുറത്തിറങ്ങാൻ കഴിയാതെ ബസിനുള്ളിൽ കുടുങ്ങി ദാരുണമായി വെന്തുമരിക്കുകയായിരുന്നു. അപകടത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു.

ത്വരിതഗതിയിൽ രക്ഷാപ്രവർത്തനം

വിവരമറിഞ്ഞയുടൻ ജെവാർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി തീയണയ്ക്കാനും രക്ഷാപ്രവർത്തനത്തിനുമുള്ള നടപടികൾ സ്വീകരിച്ചു. അപകട ശബ്ദം കേട്ട് പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയിരുന്നു. ബസിനുള്ളിൽ കുടുങ്ങിയവരെ ജനൽ ചില്ലുകൾ തകർത്താണ് അതിവേഗം പുറത്തെത്തിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി വരികയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News