റൂട്ട് കനാൽ ചികിത്സയ്ക്കിടെ ഉപകരണം 17കാരിയുടെ വയറ്റിലെത്തി; ദന്തഡോക്ടർക്കെതിരെ പരാതി
അരുവിക്കര: സ്വകാര്യ ദന്താശുപത്രിയിൽ റൂട്ട് കനാൽ ചികിത്സയ്ക്കിടെ ഗുരുതരമായ വീഴ്ചയുണ്ടായെന്നാരോപിച്ച് 17കാരിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ചികിത്സയ്ക്കിടെ ഉപയോഗിച്ച റൂട്ട് കനാൽ ഉപകരണം അബദ്ധത്തിൽ പെൺകുട്ടിയുടെ വയറ്റിനുള്ളിലേക്ക് പോയെന്നാണ് പരാതി.
കഴിഞ്ഞ 31-ാം തീയതിയായിരുന്നു സംഭവം. തുടർന്ന് പെൺകുട്ടിയെ ആദ്യം അരുവിക്കരയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് കരകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ രക്ഷാകർത്താക്കളെ വിവരമറിയിക്കാതെ പെൺകുട്ടിയെ ഇരുചക്രവാഹനത്തിൽ ആശുപത്രിയിലെത്തിച്ചെന്നാണ് കുടുംബത്തിന്റെ മറ്റൊരു ആരോപണം. കൂടാതെ, ദന്താശുപത്രിയിലെ ഡോക്ടർ പെൺകുട്ടിയോട് വായിൽ വിരലിട്ട് ഛർദിക്കാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ ചികിത്സാപ്പിഴവുണ്ടായിട്ടുണ്ടോയെന്നും ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തേണ്ടതുണ്ട്.
