കേരളത്തിൽ സംഘടന ശക്തമാക്കാൻ എൽജെപി; സംസ്ഥാന നേതൃയോഗവും പഠനശിബിരവും പൂർത്തിയായി
BY: KANNUR PRABHAKARAN
കൊച്ചി: ലോക് ജനശക്തി പാർട്ടി (രാം വിലാസ്) കേരള ഘടകത്തിന്റെ സ്റ്റേറ്റ് നേതൃയോഗവും പഠനശിബിരവും വിജയകരമായി സംഘടിപ്പിച്ചു. കേഡർ സംവിധാനത്തിന്റെ അച്ചടക്കവും സംഘടനാപരമായ കെട്ടുറപ്പും പാർട്ടിയുടെ വളർച്ചയ്ക്കായുള്ള സന്നദ്ധതയും ഉയർത്തിപ്പിടിച്ചാണ് പഠനശിബിരം പൂർത്തിയാക്കിയത്. നേതൃയോഗത്തിന്റെ വിജയത്തിൽ എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനും പങ്കെടുത്ത പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ചു.
സ്റ്റേറ്റ് പ്രസിഡന്റ് അരുൺ ജി യോഗത്തിന് നേതൃത്വവും ദിശാബോധവും നൽകി. കേരളത്തിൽ പാർട്ടിയെ ശക്തവും ചലനാത്മകവുമായ രാഷ്ട്രീയ പ്രസ്ഥാനമായി വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃയോഗം രൂപം നൽകി. പഠനശിബിരത്തിന് സ്റ്റേറ്റ് ചീഫ് ജനറൽ സെക്രട്ടറി അഭികുമാർ ജി, ട്രഷറർ രാഹുൽ ജി, ഓർഗനൈസിങ് സെക്രട്ടറി സജി നായർ ജി, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സംഘാടനത്തിന് നേതൃത്വം നൽകിയ ആലപ്പുഴ ജില്ലാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത നാഷണൽ സെക്രട്ടറി ചീഫ് ജനറൽ (JMS) വിജയ് കുമാർ ജി, രാം വിലാസ് പാസ്വാന്റെയും ദേശീയ അധ്യക്ഷൻ ചിരാഗ് പാസ്വാന്റെയും പ്രവർത്തനങ്ങളെക്കുറിച്ചും പാർട്ടിയുടെ ആശയങ്ങളെക്കുറിച്ചും ലഘുവിവരണം നൽകി. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, ശിവശങ്കരൻ, അനുമോൻ മോത്തി എന്നിവർ പഠനശിബിരത്തിൽ ക്ലാസുകൾ നയിച്ചു. സംഘടനാ പ്രവർത്തനം, കേഡർ സംവിധാനം, അച്ചടക്കം, രാഷ്ട്രീയ അവബോധം, നേതൃത്വഗുണങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ദിശാബോധം നൽകാൻ ഈ ശിബിരം ഉപകരിച്ചതായി ഭാരവാഹികൾ വ്യക്തമാക്കി.
