ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണ് ആറ് മരണം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ ദാരുണമായ ഹെലികോപ്റ്റർ അപകടത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ജോഷിമഠ് മേഖലയിലെ ചായെൻ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. ബദരിനാഥ് ധാമിൽ നിന്ന് ഡെറാഡൂണിലെ സഹസ്രധാര ഹെലിപാഡിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ട്രാൻസ് ഭാരത് ഏവിയേഷൻ്റെ ഹെലികോപ്റ്ററാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് അപകടത്തിൽപ്പെട്ടത്.
ഉച്ചയ്ക്ക് 1.14-ന് ബദരിനാഥിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ, ജോഷിമഠ് താഴ്വരയ്ക്ക് മുകളിലൂടെ ഹാത്തി പർവതത്തിന് സമീപം പറക്കുന്നതിനിടെ ബന്ധം വേർപെടുകയായിരുന്നു. തുടന്ന് ട്രാക്കിങ് സംവിധാനവും പ്രവർത്തനരഹിതമായി. ജോഷിമഠ് മേഖലയിൽ മാർവാരി പാലത്തിന് മുകളിലായി ജെപി പവർ ഹൗസിന് സമീപമുള്ള കുന്നിൻ ചെരുവിലാണ് ഹെലികോപ്റ്റർ തകർന്നുവീണതെന്ന് ചമോലി ജില്ലാ ഭരണകൂടം വ്യക്തമാക്കി.
പൈലറ്റ് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ആറുപേരും കൊല്ലപ്പെട്ടതായി ചമോലി സൂപ്രണ്ട് ഓഫ് പൊലീസ് സുർജീത് സിങ് പൻവാർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് പൊലീസും എസ്.ഡി.ആർ.എഫും (SDRF) സൈന്യവും ഐ.ടി.ബി.പി.യും (ITBP) സംയുക്തമായി രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായി ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെൻ്റ് അതോറിറ്റി സി.ഇ.ഒ പ്രതീക് ജെയിൻ അറിയിച്ചു.
