മയിൽപ്പീലി യംഗ് സ്കോളർഷിപ്പ് പരീക്ഷ: സർക്കാരിന് തിരിച്ചടി; ജില്ലാതല പരീക്ഷ നടത്താൻ ഹൈക്കോടതി അനുമതി

 മയിൽപ്പീലി യംഗ് സ്കോളർഷിപ്പ് പരീക്ഷ: സർക്കാരിന് തിരിച്ചടി; ജില്ലാതല പരീക്ഷ നടത്താൻ ഹൈക്കോടതി അനുമതി

എറണാകുളം:

വിവാദമായ ‘മയിൽപ്പീലി യംഗ് സ്കോളർഷിപ്പ്’ പരീക്ഷയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. മറ്റന്നാൾ നടക്കേണ്ട ജില്ലാതല പരീക്ഷകൾ നടത്താൻ കേരള ഹൈക്കോടതി അനുമതി നൽകി. എന്നാൽ പരീക്ഷാ ഫലം പ്രഖ്യാപിക്കാനോ തുടർ പരീക്ഷകൾ നടത്താനോ പാടില്ലെന്ന് കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഹൈക്കോടതി വീണ്ടും വിശദമായി പരിശോധിക്കും.

പരീക്ഷയ്ക്ക് നേരത്തെ നൽകിയ അനുമതി നവംബർ 14-ന് പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ച നടപടിക്കെതിരെ ദേശീയ അധ്യാപക പരിഷത്ത് (NTU) നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.

ഹൈക്കോടതി നിരീക്ഷണങ്ങൾ:

  • അനുമതി നൽകാനും പിൻവലിക്കാനും വിദ്യാഭ്യാസ വകുപ്പിന് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
  • എന്നാൽ, വിദ്യാർത്ഥികളടക്കം പരീക്ഷയ്ക്ക് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷം പെട്ടെന്ന് അനുമതി പിൻവലിച്ചതിലാണ് പ്രശ്നമെന്ന് കോടതി വ്യക്തമാക്കി.
  • സ്വാഭാവിക നീതിയുടെ നിഷേധമാണ് സംഭവിച്ചതെന്നും പിൻവലിക്കാൻ കൃത്യമായ കാരണങ്ങളില്ലെന്നും ഹർജിക്കാർ വാദിച്ചു. സ്കൂൾ തലത്തിൽ നാല് ലക്ഷത്തിലധികം കുട്ടികൾ എഴുതുകയും സബ് ജില്ലാ തലം പൂർത്തിയാവുകയും ചെയ്ത ശേഷമായിരുന്നു സർക്കാരിന്റെ പിന്മാറ്റം.

വിവാദങ്ങളുടെ പശ്ചാത്തലം ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’ മാസികയും ദേശീയ അധ്യാപക പരിഷത്തും സംയുക്തമായി എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നതാണ് ‘യംഗ് സ്കോളർ എക്സാം’. സെപ്റ്റംബർ മാസത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതിന് അനുമതി നൽകിയിരുന്നു.

എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ അറിവോടെയല്ല പൊതുവിദ്യാലയങ്ങളിൽ പരീക്ഷ നടത്താൻ അനുമതി നൽകിയതെന്ന വിവരം പുറത്തുവന്നതോടെയാണ് വിഷയം രാഷ്ട്രീയ വിവാദമായത്. പ്രതിപക്ഷ സംഘടനകളും എസ്.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് നവംബർ 14-ന് പരീക്ഷാ അനുമതി റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സ്കോളർഷിപ്പ് പരീക്ഷകൾക്ക് പൊതുവായ മാനദണ്ഡം നിശ്ചയിക്കണമെന്ന ആവശ്യവും ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News